സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡ് കുറിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 760 രൂപ ഉയര്‍ന്ന് 1,08,000 രൂപയായി. ഇതോടെ ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 രൂപ എന്ന മുന്‍ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ഒരു ഗ്രാമിന് ഇന്ന് 95 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 13,500 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്ന് ദിവസങ്ങളോളം വിലയില്‍ തുടര്‍ച്ചയായ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചെറിയ ഇടിവും സ്ഥിരതയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷമാണ് ഇന്ന് വീണ്ടും ശക്തമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട്.