കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞു. ഇതോടെ പവന്‍ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് സ്വര്‍ണവില.
കഴിഞ്ഞ മൂന്ന് ദിവസമായി വ്യത്യസ്ത വിലനിലവാരങ്ങള്‍ പ്രഖ്യാപിച്ചിരുന്ന കേരളത്തിലെ രണ്ട് പ്രധാന സ്വര്‍ണവ്യാപാരി സംഘടനകളും ഇന്ന് ഒരേ വിലയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രന്‍, അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ജി.എസ്.എം.എ) ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് കുറച്ചത്. ഇന്നലെ വൈകിട്ട് 1,02,000 രൂപയായിരുന്നു ഇവരുടെ പവന്‍ വില. ഭീമ ഗോവിന്ദന്‍, ജസ്റ്റിന്‍ പാലത്ര എന്നിവര്‍ നേതൃത്വം നല്‍കുന്ന ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) ഇന്ന് ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് കുറച്ചത്. ഇന്നലെ വൈകിട്ട് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു വില. രണ്ടുദിവസത്തിനിടെ ജി.എസ്.എം.എ ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയും കുറച്ചപ്പോള്‍, എ.കെ.ജി.എസ്.എം.എ ഗ്രാമിന് 520 രൂപയും പവന് 4,160 രൂപയുമാണ് കുറച്ചത്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിയുന്നതാണ് സംസ്ഥാനത്തും വില ഇടിയാന്‍ കാരണമായത്. ട്രോയ് ഔണ്‍സിന് 4,500 ഡോളറിന് മുകളിലെത്തിയ സ്വര്‍ണം വന്‍ ഇടിവാണ് നേരിടുന്നത്. സ്‌പോട്ട് ഗോള്‍ഡിന് ഇന്ന് മാത്രം 170.92 ഡോളര്‍ കുറഞ്ഞ് 4,363.24 ഡോളറിലെത്തി. 3.77 ശതമാനമാണ് ഇടിവ്. റെക്കോര്‍ഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് പിന്നാലെയാണ് ഇടിവ്. അതേസമയം, യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇന്ന് ചെറിയ തോതില്‍ തിരിച്ചുകയറി. 0.81 ശതമാനം വര്‍ധിച്ച് 4,378.70 ഡോളറിലെത്തി. 35.10 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ കനത്ത ചാഞ്ചാട്ടം കാരണം ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവില പലതവണ മാറ്റി നിശ്ചയിച്ചിരുന്നു. ജി.എസ്.എം.എ മൂന്ന് തവണയും എ.കെ.ജി.എസ്.എം.എ നാലുതവണയുമാണ് ഇന്നലെ വില പരിഷ്‌കരിച്ചത്. എന്നാല്‍ ഇന്ന് വിപണി സ്ഥിരതയിലേക്കെത്തിയതോടെ ഇരുവിഭാഗം സംഘടനകളും ഒരേ വിലനിലവാരം പ്രഖ്യാപിക്കുകയായിരുന്നു.