കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയുടെ സ്വാധീനത്തില്‍ ഇന്ന് വില കുത്തനെ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയായി. പവന് 1,400 രൂപ കൂടി 1,16,800 രൂപയിലെത്തി.
വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,15,320 രൂപയില്‍ നിന്നു 1,14,520 രൂപയിലേക്ക് ഇടിഞ്ഞ വില, ദിവസാവസാനത്തോടെ 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ സ്വര്‍ണവില 128 ഡോളര്‍ ഉയര്‍ന്ന് 5,106.68 ഡോളറിലെത്തി. 2.57 ശതമാനം നേട്ടമാണ് ഉണ്ടായത്. വെള്ളിവിലയും 6.93 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 84.59 ഡോളറായി.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ആഗോള രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റിയിരിക്കുകയാണ്. കൂടാതെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
വിലയില്‍ തിടുക്കത്തിലുള്ള ഇടിവ് പ്രതീക്ഷിക്കാനില്ലെന്നും അടുത്ത ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമാണ് സൂചന.