kerala

സ്വര്‍ണകടത്ത് കേസ്; ‘സ്വര്‍ണം കടത്താന്‍ പഠിച്ചത് യൂട്യൂബില്‍ നിന്ന്’: രന്യ റാവു

By webdesk17

March 13, 2025

സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ രന്യ റാവു സ്വര്‍ണം കടത്താന്‍ പഠിച്ചത് യൂട്യൂബില്‍ നിന്നാണെന്ന് വെളിപ്പെടുത്തല്‍. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തല്‍.

തനിക്ക് പരിചയമില്ലാത്ത വിദേശ ഫോണ്‍നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നിരുന്നുതായും ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രന്യ പറഞ്ഞു. മാര്‍ച്ച് 1 ന് തനിക്ക് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നുവെന്നും ദുബായ് എയര്‍പോര്‍ട്ടിന്റെ ഗേറ്റ് എയിലേക്കെത്തി സ്വര്‍ണം കൈപ്പറ്റി ബെംഗ്ലൂരുവില്‍ ഏല്‍പ്പിക്കാനുമായിരുന്നു നിര്‍ദേശമെന്നും രന്യ വെളിപ്പെടുത്തി. സ്വര്‍ണം ബാന്‍ഡേജും കത്രികയും ഉപയോ?ഗിച്ച് ശരീരത്തിലൊളുപ്പിക്കുകയായിരുന്നു എന്ന് രന്യ പറഞ്ഞു. എയര്‍പോര്‍ട്ടിലെ റെസ്റ്റ് റൂമിലെത്തി ജീന്‍സിലും ഷൂവിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതിയെങ്കിലും രന്യ് പിടിക്കപ്പെടുകയായിരുന്നു.

ആഫ്രിക്കന്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്നും എയര്‍പോര്‍ട്ട് ടോള്‍ ഗേറ്റിന് സമീപമുള്ള സര്‍വീസ് റോഡിലെത്തി സിഗ്‌നലിന് സമീപമുള്ള ഒരു ഓട്ടോയില്‍ സ്വര്‍ണം ഇടാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്നും രന്യ പറഞ്ഞു.

അതേസമയം രന്യ റാവുവിന്റെ വിഐപി ബന്ധം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നു. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി രന്യ റാവുവിന്റെ വിവാഹ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു.

രന്യ റാവുവിന് സഹായം നല്‍കിയ ബെംഗളൂരു വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്.

ദുബായില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) രന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു.