ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിനു പുറമെ എന്‍ഐഎയും കോടതിയില്‍ നിലപാട് അസന്നിഗ്ധമായി വ്യക്തമാക്കിയതോടെ സ്വര്‍ണം വന്നത് നയതന്ത്ര ബാഗ് വഴിയല്ല എന്ന് ആദ്യമേ പറഞ്ഞ കേന്ദ്രമന്ത്രി വി മുരളീധരന്‍ കൂടുതല്‍ വെട്ടിലാകുന്നു. മുരളീധരന്റെ മൊഴിയും അന്വേഷണ ഏജന്‍സികള്‍ രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. നയതന്ത്ര ബാഗ് ആയിരുന്നെങ്കില്‍ യുഎഇയുമായി കേസുണ്ടാകുമായിരുന്നു എന്ന മന്ത്രിയുടെ വിശദീകരണവും ഇന്നലത്തെ എന്‍ഐഎ റിപ്പോര്‍ട്ടോടെ അപ്രസക്തമാകുന്നു.

”വാസ്തവത്തില്‍ ഇതൊരു ഡിപ്ലോമാറ്റിക് ബാഗേജ് എന്ന നിലയിലുള്ള പരിരക്ഷയില്‍ പെടുന്നതല്ല. പക്ഷേ, ഒരു ഡിപ്ലോമാറ്റിന് വന്ന കാര്‍ഗോ എന്ന് മാത്രമേയുള്ളൂ. ഇത് ഔദ്യോഗികമായി അയച്ചതല്ല. ഒരു വ്യക്തി അയച്ചു. ഒരു ഡിപ്ലോമാറ്റിന് വന്ന പാര്‍സലാണിത്”, എന്ന് കേന്ദ്രവിദേശകാര്യ വി മുരളീധരന്‍ വിവാദപ്രസ്താവന നടത്തിയത് ജൂലൈ എട്ടിനാണ്. എന്‍ഐഎ കേസെടുത്തത് ജൂലൈ പത്തിനും.

രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷം എന്‍ഐഎ ഇന്നലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു കാര്യം വ്യക്തമാണ്, സ്വര്‍ണ്ണം വന്നത് നയതന്ത്ര ബാഗേജ് വഴി തന്നെ. നയതന്ത്രബാഗേജ് എന്ന വ്യാജേന കള്ളക്കടത്ത് എന്നല്ല, നയതന്ത്രബാഗ് മറയാക്കി കള്ളക്കടത്ത് എന്ന് തന്നെയാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. വന്നത് നയതന്ത്രബാഗ് ആണെന്നതില്‍ എന്‍ഐഎയ്ക്കും സംശയമില്ല. അത് തന്നെയാണ് ഈ കേസിനെ ശക്തമാക്കുന്നതും.

ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ നല്‍കിയ ഉത്തരത്തിലും നയതന്ത്ര ബാഗ് എന്ന് സംശയമില്ലാത്ത വിധം ഉപയോഗിക്കുന്നു. ഈ ഉത്തരം പുറത്തുവന്നതിനു ശേഷമുള്ള വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിലും കേന്ദ്രമന്ത്രി, ഇത് നയതന്ത്രബാഗല്ല എന്ന് ആവര്‍ത്തിക്കുന്നു.