നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോള്‍ ചിരിക്കണം. അവര്‍ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എല്‍.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചെന്നും കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഇപ്പോള്‍ യു.ഡി.എഫിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ ഫലമാണെന്നും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്നും സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമം നേതാക്കള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും നി ഡി സതീശന്‍ പറഞ്ഞു.