News

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത; തിലക് വര്‍മ തിരിച്ചെത്തുന്നു, ശ്രേയസിന് തിരിച്ചടി

By webdesk17

January 20, 2026

ഹൈദരാബാദ്: അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ ആശ്വാസവാര്‍ത്ത. പരിക്ക് കാരണം പുറത്തായിരുന്ന യുവ ബാറ്റര്‍ തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. വിജയ് ഹസാരെ ട്രോഫിക്കിടെ ശസ്ത്രക്രിയക്ക് വിധേയനായ താരം ഇന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (NCA) ഫിറ്റ്‌നസ് പരിശോധനക്കും പരിശീലനത്തിനുമായി എത്തും. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ തിലക് ഇടംപിടിക്കാനാണ് സാധ്യത. നിലവില്‍ ശസ്ത്രക്രിയ നടന്ന സ്ഥലത്ത് വേദനയൊന്നുമില്ലെന്നും, എല്ലാം അനുകൂലമായാല്‍ ഈ മാസം 28ന് വിശാഖപട്ടണത്ത് നടക്കുന്ന നാലാം ടി20യില്‍ താരം കളിക്കുമെന്നുമാണ് സൂചന.

മൂന്നും നാലും നമ്പറുകളില്‍ സ്ഥിരതയോടെ കളിക്കുന്ന തിലക് ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയ്ക്ക് വലിയ കരുത്താണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മങ്ങിയ ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ഇടംകൈയനായ തിലകിന്റെ സാന്നിധ്യം നിര്‍ണായകമാകും. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ടോപ് സ്‌കോററായത് തിലകായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച 18 ഇന്നിംഗ്‌സുകളില്‍ നിന്ന് 567 റണ്‍സ് തിലക് നേടിയിരുന്നു. 47.25 ശരാശരി, 129.15 സ്‌ട്രൈക്ക് റേറ്റ് എന്നിവയാണ് ശ്രദ്ധേയം.

അതേസമയം, തിലക് തിരിച്ചെത്തുന്നതോടെ ലോകകപ്പ് ടീമിലെത്താമെന്ന ശ്രേയസ് അയ്യറിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും. തിലകിന് പരിക്കേറ്റതോടെയാണ് ശ്രേയസിനെ ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചുമത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്പൂരില്‍ നടക്കും. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്.