main stories

കാത്തിരിപ്പിന് വിട, വിധി ഇന്നറിയാം

By Manya

May 04, 2026

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 11 മണിയോടെ കേരളം ഭരിക്കുന്നത് ഏത് മുന്നണിയെന്ന് വ്യക്തമാകും.

വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തിന് ശേഷം പുറത്തുവരുന്ന ജനവിധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്. 10 വര്‍ഷത്തെ ജനദ്രോഹ ഭരണത്തിന് എതിരായി വോട്ടര്‍മാര്‍ വിധിയെഴുതിയെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളേക്കാള്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മിനിമം 80 മുതല്‍ തരംഗമുണ്ടായാല്‍ 100 വരെ സീറ്റുകളാണ് യു.ഡി.എഫ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയോടുള്ള വിശ്വാസവും പിണറായി ഭരണം മാറിയേ തീരൂവെന്ന ജനങ്ങളുടെ ഇച്ഛാശക്തിയുമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടര്‍ച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.

മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളില്‍ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം നേരിയ മാര്‍ജിനിലെങ്കിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന അവകാശവാദത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ എക്‌സിറ്റ് പോളുകള്‍ 80 പ്രവചിച്ച ശേഷം 99 സീറ്റുകള്‍ കിട്ടിയതിനാല്‍ ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് സി.പി.എം നേതാക്കള്‍ അവകാശപ്പെടുന്നു.

61 സീറ്റുകളില്‍ ഉറച്ച വിജയമെന്നാണ് സി.പി.എം കണക്കുകൂട്ടി വെച്ചിരിക്കുന്നത്. ബാക്കി 30 സീറ്റുകളില്‍ വിജയിക്കാന്‍ വലിയ പ്രയാസമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കണക്ക്. ബലാബലം മത്സരം നടന്നയിടങ്ങളില്‍ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്നും 75 സീറ്റുവരെ നേടാമെന്നും അദ്ദേഹം പറയുന്നു. തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകള്‍ കൂടെനില്‍ക്കുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. പരാജയപ്പെട്ടാല്‍ ഒരു സംസ്ഥാനത്തു പോലും ഭരണമില്ലാത്തവരായി സി.പി.എം മാറുമെന്നതാണ് ശ്രദ്ധേയം.

എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന എക്‌സിറ്റ് പോളില്‍ സന്തോഷിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. 14 സീറ്റുകള്‍ വരെയാണ് അവര്‍ എന്‍.ഡി.എക്ക് നല്‍കിയിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ ഇക്കുറി തൂക്കുമന്ത്രിസഭ ഉണ്ടായേക്കാമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, തിരുവല്ല, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളില്‍ രണ്ടാമതെത്തുമെന്നും എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12.52 ശതമാനം വോട്ട് നേടിയ ബി.ജെ.പി 15 മുതല്‍ 16 ശതമാനം വോട്ടിലേക്ക് ഉയരുമെന്നും അത് നിര്‍ണായകമാകുമെന്നും അവര്‍ അവകാശപ്പെടുന്നു.