ഓണ്‍ലൈന്‍ സേര്‍ച്ചിങ് വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളില്‍ കയറ്റിയതിന്റെ പേരില്‍ ഗൂഗിളിന് 9.4 കോടി രൂപ പിഴ. ഫ്രാന്‍സിലെ ഹോട്ടലുകള്‍ ഗൂഗിളിന്റെ സേര്‍ച്ചിങ് ലിസ്റ്റില്‍ റാങ്ക് ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ധനകാര്യമന്ത്രാലയം കണ്ടെത്തിയത്. 2019 ല്‍ ആരംഭിച്ച ഒരു മാസത്തെ അന്വേഷണത്തെ തുടര്‍ന്നാണ് ഗൂഗിളിനെതിരെ നടപടി സ്വീകരിച്ചത്. ഗൂഗിള്‍ അയര്‍ലന്‍ഡും ഗൂഗിള്‍ ഫ്രാന്‍സും ചേര്‍ന്നാണ് 13.4 ലക്ഷം ഡോളര്‍ (ഏകദേശം 9.4 കോടി രൂപ) പിഴയായി നല്‍കേണ്ടത്.

അറ്റൗട്ട് ഫ്രാന്‍സ് റാങ്കിങ്ങിന് പകരം ഗൂഗിള്‍ സ്വന്തം മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരു ലിസ്റ്റ് സ്ഥാപിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോമ്പറ്റീഷന്‍, കണ്‍സ്യൂഷന്‍ ആന്‍ഡ് ഫ്രോഡ് കണ്ട്രോള്‍ (ഡിജിസിസിആര്‍എഫ്) പറഞ്ഞു.

നിരവധി ഹോട്ടലുകളില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് ഗൂഗിളിന്റെ റാങ്കിങ് ലിസ്റ്റിലുള്ള 7,500ലധികം ഹോട്ടലുകളെ വിലയിരുത്തിയത്. ഗൂഗിള്‍ താഴ്ന്ന റാങ്കിലുള്ള ഹോട്ടലുകളാണ് സേര്‍ച്ച് റിസള്‍ട്ടില്‍ ആദ്യ പേജില്‍ തന്നെ ലിസ്റ്റ് ചെയ്തിരുന്നത്. സേര്‍ച്ച് എന്‍ജിന്‍ 2019 സെപ്റ്റംബര്‍ മുതല്‍ ഹോട്ടല്‍ റാങ്കിങ് രീതികളില്‍ ഭേദഗതി വരുത്തിയതെന്നും അധികൃതര്‍ പറഞ്ഞു.