editorial

കൈയ്യടി നേടി സര്‍ക്കാര്‍

By Akhila

May 22, 2026

പത്തുവര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണാരംഭംതന്നെ നിറഞ്ഞ കൈയ്യടികളോടെയായിത്തീര്‍ന്നിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ച എല്ലാ വിഭാഗം ജനങ്ങളും ജനപ്രിയ തീരുമാനങ്ങളാല്‍ ആഹ്ലാദാരവം മുഴക്കുന്ന അന്തരീക്ഷമാണ് നാട്ടില്‍ സംജാതമായിരിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പുവരെ തങ്ങളുടെ കണ്ണീരും ചോരയും ഉറ്റിവീണ മണ്ണില്‍ ഇന്നലെ ആനന്ദനൃത്തംചവിട്ടിയ ആശാവര്‍ക്കര്‍മാര്‍ ഭരണമാറ്റത്തിന്റെ ഏറ്റവും മികച്ച പ്രതീകമായിമാറുകയായിരുന്നു. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്തതിന്റെ പേരില്‍ നരകയാതനകളേറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗാര്‍ത്ഥികളടക്കം പുതിയ സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ ആനന്ദാശ്രു പൊഴിക്കുമ്പോള്‍ ഒരു പുതുയുഗപ്പിറവി വാഗ്ദാനം ചെയ്ത യു.ഡി.എഫ് ആത്മനിര്‍വൃതിയിലൂടെയാണ് ഭരണാ സിരാകേന്ദ്രത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25 ന് ആരംഭിക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ ഇതിനായി 1070 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്. യു.ഡി.എഫ് വന്നാല്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങുമെന്നതായിരുന്നു തിരഞ്ഞെടുപ്പുകാലത്തെ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചരണമെങ്കില്‍ തകര്‍ന്നുതരിപ്പണമായ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പോലും പരിഗണിക്കാതെ യു.ഡി.എഫ് എടുത്തിട്ടുള്ള ധീരോദാത്തമായ തീരുമാനത്തില്‍ ഒരു മധുരപ്രതികാരംകൂടിയുണ്ട്. കാലിയായ ഖജനാവുമായി ഭരണംതുടങ്ങേണ്ടിവരുന്ന ഈ സര്‍ക്കാറിന് പെന്‍ഷന്‍ വിതരണം സാധ്യമാവില്ലെന്ന ഉറപ്പിന്റെ പിന്‍ബലംകൂടിയുണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ കാടടച്ചുള്ള പ്രചാരണത്തിനു പിന്നില്‍, ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായുള്ള അഞ്ചില്‍ രണ്ടു തീരുമാനങ്ങളും പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ പസാക്കുമ്പോള്‍ വിമര്‍ശകര്‍ പോലും അമ്പരക്കുകയാണ്.

കെ.എസ്.ആര്‍.ടി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള നടപടികള്‍ അധിവേഗത്തിലാക്കിയ സര്‍ക്കാര്‍ ജെന്‍ഡര്‍ ടിക്കറ്റിങ് സംവിധാനം പുനഃസ്ഥാപിച്ചു കഴിഞ്ഞു. വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പ് രൂപീകിരിക്കുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. ഈ രംഗത്ത് ലോകത്ത് ഏറ്റവുംശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുള്ള ജപ്പാന്റെ മാതൃക പഠിക്കുമെന്നുകൂടി മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ ഇതൊന്നും വെറുംവാക്കല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നു എന്ന് മത്രമല്ല, രാജ്യത്താകെയുള്ള ഭരണകൂടങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ നീട്ടാന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യുന്ന നടപടി അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാര്‍ക്ക് നല്‍കിയിട്ടുള്ള പ്രതീക്ഷ ചെറുതല്ല.

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ബന്ധുനിയമനത്തിന്റെയും പിന്‍വാതില്‍ നിയമനത്തിന്റെയും ഫലമായി അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയിട്ടുള്ള സമരപോരാട്ടങ്ങളുടെ കാഴ്ച്ച കരളലിയിപ്പിക്കുന്നതായിരുന്നു. തീര്‍ത്തും ന്യായമായ ആവശ്യത്തിനുവേണ്ടിയുള്ള ഈ പോരാട്ടത്തെ ഇടതു സര്‍ക്കാര്‍ നേരിട്ടാതാകട്ടേ പ്രതികാരബുദ്ധിയോടുകൂടിയും. ഈ സാഹചര്യത്തില്‍ നിന്നാണ് ആശ്വാസത്തിന്റെ ദീര്‍ഘശ്വാസം നമ്മുടെ ചെറുപ്പക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മുഖ്യന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031 ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വിഷന്‍ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ പ്രധാനകവാടങ്ങളിലൊന്നായ നോര്‍ത്ത് ഗേറ്റ് നീണ്ട പത്ത് വര്‍ഷത്തിന് ശേഷം തുറന്നത് ഈ സര്‍ക്കാര്‍ നല്‍കുന്ന വലിയൊരു സന്ദേശമാണ്. ഭരണകൂടങ്ങള്‍ വിമര്‍ശനത്തിനതീതമല്ലെന്നും ഏകാധിപത്യമല്ല സര്‍ക്കാറിനെ നയിക്കുന്നതെന്നുമുള്ള സന്ദേശം. ‘സമരകവാടം’ എന്നറിയപ്പെട്ടിരുന്ന ഗേറ്റ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് ജനകീയ പ്രക്ഷോഭങ്ങളെ ഭയന്ന് അടച്ചുപൂട്ടിയത്. സുരക്ഷാപ്രശ്‌നം ചൂണ്ടികാട്ടിയായിരുന്നു നടപടി.

10 വര്‍ഷത്തെ ഇടതു ഭരണം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഏല്‍പ്പിച്ച പരിക്ക് തുറന്നു കാട്ടുന്നതിന് വേണ്ടി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഖജനാവില്‍ പൂച്ചപ്പെറ്റുകിടക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയാതെ വിടുവായത്തങ്ങളില്‍ അഭിരമിക്കുന്ന രീതിയായിരുന്നു ഇടതു സര്‍ക്കാറിന്റേത്. എന്നാല്‍ ഈ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്ന യാഥാര്‍ത്ഥ്യനാണ് ധവളപത്രത്തിലൂടെ യു.ഡി.എഫ് അടിവരയിടുന്നത്. അധികാരത്തിന്റെ അഹങ്കാരത്തില്‍ ഭരണകൂടവും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥ വൃന്ദവും ചെയ്തുവെച്ച നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികളോരൊന്നും എണ്ണിയെണ്ണി വിചാരണക്ക് വിധേയമാക്കാനും ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ഏതായാലും യഥാര്‍ത്ഥ വഴിയിലൂടെ, പ്രതീക്ഷാ നിര്‍ഭരമായ തുടക്കമാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്.