More

വിശദീകരണം തള്ളി; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണം

By chandrika

March 02, 2018

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളി. ജേക്കബ് തോമസിനെതിരെ കൂടുതല്‍ അന്വേഷണത്തിനായി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായി കമ്മിഷനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ ചാര്‍ജ് മെമ്മോക്ക് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് നടപടി. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ നിയമ സെക്രട്ടറിയും അംഗമാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറും. ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെ ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് സര്‍ക്കാര്‍ നടപടി. സമിതിക്ക് മുമ്പാകെ നിലപാട് വിശദീകരിക്കാന്‍ ജേക്കബ് തോമസിന് അവസരം ഉണ്ടാകും.