തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങളും ഇനി അധികൃതര്‍ക്കു മുമ്പാകെ വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് സ്വന്തം പേരില്‍ എന്തൊക്കെ വസ്തുവകകളുണ്ടെന്ന് സര്‍വീസ് ബുക്കിലെ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിര്‍ദേശം. ജീവനക്കാരുടെ പേരില്‍ അനധികൃതസ്വത്ത് വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. എയ്ഡഡ് സ്‌കൂളിലെയും സര്‍വകലാശാലകളിലെയും ജീവനക്കാര്‍ക്ക് ഇതു ബാധകമാണ്. നിലവില്‍ ഉദ്യോഗസ്ഥരുടെ സ്വത്തുവകകള്‍ അന്വേഷിച്ച് കണ്ടെത്താമെങ്കിലും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടായിരുന്ന ആസ്തി എത്രയെന്ന് കണ്ടെത്തുക പ്രയാസകരമാണെന്നാണ് വിജിലന്‍സ് വിഭാഗം പറയുന്നത്. സര്‍വീസില്‍ കയറുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ കൃത്യമായ രേഖകളുണ്ടെങ്കില്‍ വ്യക്തമായ കണക്കുകളെടുക്കല്‍ എളുപ്പമാകും.