kerala

ചികിത്സാസഹായവും പെന്‍ഷനും മുടങ്ങിയിട്ട് ആറുമാസം; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക നേരെ സര്‍ക്കാര്‍ അവഗണന

By nazmiya nazreen

June 04, 2025

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ അവഗണന. ദുരിതബാധിതര്‍ക്കുള്ള ചികിത്സാസഹായവും പെന്‍ഷനും മുടങ്ങിയിട്ട് ആറുമാസം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ലഭിക്കാത്തതാണ് ആനുകൂല്യങ്ങള്‍ മുടങ്ങാനുള്ള കാരണമെന്നാണ് വിശദീകരണം.

ജില്ലയില്‍ മാത്രം 6,500 ലധികം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണുള്ളത്. ചിലര്‍ അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. പ്രദേശത്ത് പുതിയ സര്‍വ്വേ നടത്താത്തതിനാല്‍ കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ല. മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ദുരിതബാധിതര്‍ വര്‍ഷങ്ങളായി നടത്തിയ സമരം പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരായ 1,031 പേരെ കൂടി കാസര്‍ഗോഡ് പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പക്ഷേ ഒരു വര്‍ഷമായിട്ടും മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പിലായിട്ടില്ല. ഇതിനിടയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്‍ഷനും ചികിത്സാ സഹായവും മുടങ്ങിയത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ കുറിച്ച് അറിയാനും, അക്കാര്യം സര്‍ക്കാരിനെ അറിയിക്കാനുള്ള സെല്‍ യോഗത്തിന്റെ ചുമതല പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനാണ്. റിയാസ് ചുമതല ഏറ്റെടുത്തത് മുതല്‍ യോഗം വിളിക്കുന്നില്ലെന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.