ന്യൂഡല്‍ഹി/ധാക്ക: ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തെ തുടര്‍ന്ന്, ”കളിക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകള്‍” ചൂണ്ടിക്കാട്ടി ടി20 ലോകകപ്പ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) രാജ്യത്തിന്റെ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ മാസം അബുദാബിയില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) സ്വന്തമാക്കിയ മുസ്തഫിസൂറിനെ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ഫ്രാഞ്ചൈസി വിട്ടയച്ചത്. ഇതിനെത്തുടര്‍ന്ന് ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിന് ശേഷം ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് വിട്ടുനിന്നു.
എന്നാല്‍, സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ ഫേസ്ബുക്കില്‍ നടത്തിയ കുറിപ്പില്‍, ബംഗ്ലാദേശിന്റെ നാല് ലീഗ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാന്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയോട് ഔപചാരികമായി ആവശ്യപ്പെടാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി വ്യക്തമാക്കി.
”കരാറിലായിട്ടും ഒരു ബംഗ്ലാദേശ് താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദേശീയ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്,” നസ്രുള്‍ പറഞ്ഞു.
നിലവില്‍ ബംഗ്ലാദേശിന് ഇന്ത്യയില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍:
ഫെബ്രുവരി 7 – വെസ്റ്റ് ഇന്‍ഡീസിനെതിരെ (കൊല്‍ക്കത്ത)
ഫെബ്രുവരി 9 – ഇറ്റലിക്കെതിരെ (കൊല്‍ക്കത്ത)
ഫെബ്രുവരി 14 – ഇംഗ്ലണ്ടിനെതിരെ (കൊല്‍ക്കത്ത)
ഫെബ്രുവരി 17 – നേപ്പാളിനെതിരെ (മുംബൈ)
അതേസമയം, ടൂര്‍ണമെന്റിന് ഒരു മാസം മാത്രം ശേഷിക്കെ മത്സരങ്ങള്‍ മാറ്റുക അസാധ്യമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. ”ഇത് വലിയ ലോജിസ്റ്റിക് വെല്ലുവിളിയാണ്. ടീമുകളുടെ യാത്രയും ഹോട്ടല്‍ ബുക്കിംഗും ബ്രോഡ്കാസ്റ്റ് ക്രൂവും ഉള്‍പ്പെടെ എല്ലാം ക്രമീകരിച്ചുകഴിഞ്ഞു. ദിവസേന മൂന്ന് മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഒരു മത്സരം ശ്രീലങ്കയിലേക്ക് മാറ്റുന്നത് പ്രായോഗികമല്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അടുത്തകാലത്ത് ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ, ഇരുരാജ്യ ബന്ധത്തില്‍ വലിയ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. ഈ രാഷ്ട്രീയ പശ്ചാത്തലമാണ് മുസ്തഫിസൂറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.