kerala

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടി: വേടന്റെ റാപ്പ് ഷോ ഒഴിവാക്കി

By webdesk14

April 28, 2025

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇടുക്കിയില്‍ വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. ഹിരണ്‍ ദാസ് മുരളി എന്നാണ് വേടന്റെ യഥാര്‍ഥ പേര്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.20 ഓടേയാണ് പരിശോധനയ്ക്കായി ഫ്‌ലാറ്റില്‍ പൊലീസ് സംഘം എത്തിയത്. ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യാനാണ് വേടനും സഹപ്രവര്‍ത്തകരും ഒത്തുകൂടിയതെന്നും സിഐ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് 5 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കഞ്ചാവ് എവിടെനിന്നാണ് ലഭിച്ചതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.

ഫ്‌ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പണം പ്രോഗ്രാമില്‍ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പറഞ്ഞതെന്നും സിഐ പറഞ്ഞു. എന്നാല്‍ ഇക്കാര്യം വെരിഫൈ ചെയ്യാനുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി. വേടന്റെ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അത് എന്തിന് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.