kerala

കൂട്ട അവധിയെടുത്ത് വിനോദയാത്ര; യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സില്‍, കളക്ടര്‍ അന്വേഷണം തുടങ്ങി

By webdesk14

February 11, 2023

സര്‍ക്കാര്‍ ഓഫീലിസെ ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും, ഡെപ്യൂട്ടി തഹസില്‍ദാരും. ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയില്‍ അവധി നല്‍കിയവരും നല്‍കാത്തവരും പങ്കെടുത്തിരുന്നതായാണ് വിവരം. 63 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ദിവസം 42 ജീവനക്കാരാണ് അവധിയെടുത്തത്.

രണ്ടാംശനി, ഞായര്‍ അവധികള്‍ ചേര്‍ത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവര്‍. എന്നാല്‍ ഇതില്‍ 20 പേര്‍ മാത്രമാണ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നത്. 22 ഉദ്യോഗസ്ഥര്‍ അനധികൃതമായാണ് അവധിയെടുത്തത്. തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനടക്കമുള്ളവര്‍ ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രയ്ക്ക് സ്‌പോണ്‍സര്‍ ഉണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ കളക്ടര്‍ അന്വേഷിക്കും.