india

രാജസ്ഥാനില്‍ അസ്വസ്ഥ മേഖല പ്രഖ്യാപനം; പുതിയ നിയമവുമായി സര്‍ക്കാര്‍

By sreenitha

January 24, 2026

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിലവിലുള്ള മാതൃകയില്‍ ചില പ്രദേശങ്ങളെ ‘അസ്വസ്ഥ മേഖല’കളായി പ്രഖ്യാപിച്ച് സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.

ജനസംഖ്യാ ആനുപാതികമല്ലാത്ത രീതിയില്‍ കൂട്ടംകൂടിയുള്ള ജനവാസവും ആവര്‍ത്തിച്ചുണ്ടാകുന്ന സംഘര്‍ഷങ്ങളും മൂലം അസ്വസ്ഥമാകുന്ന പ്രദേശങ്ങളെ ‘അസ്വസ്ഥബാധിത’ മേഖലകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില മേഖലകളില്‍ പ്രത്യേക സമുദായങ്ങളുടെ ജനസംഖ്യ അതിവേഗം വര്‍ധിക്കുന്നത് ജനസംഖ്യാപരമായ അസന്തുലനത്തിനും സ്ഥിരതാമസക്കാര്‍ക്ക് അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ബില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമം നിലവില്‍ വന്നാല്‍ ‘അസ്വസ്ഥ മേഖല’കളില്‍ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടക്കുന്ന സ്ഥാവര സ്വത്ത് കൈമാറ്റങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകില്ല. നിയമലംഘനം ജാമ്യമില്ലാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. സംസ്ഥാനത്തെ ”വര്‍ഗീയ പരീക്ഷണശാല”യാക്കാനുള്ള ശ്രമമാണിതെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പാരമ്പര്യത്തിന് പേരുകേട്ട രാജസ്ഥാനെ ‘അസ്വസ്ഥ’മെന്ന് മുദ്രകുത്തുന്നത് ലജ്ജാകരമാണെന്നും നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന സമൂഹങ്ങളെ നിയമം വിഭജിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പിയുടെ ”ഗുണ്ടായിസത്തിന് നിയമസാധുത” നല്‍കുന്ന നീക്കമാണിതെന്നും രാജസ്ഥാന്‍ പോലുള്ള സമാധാനപരമായ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊടാസ്ര വിമര്‍ശിച്ചു.