കേരളത്തിലെ ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി 12 മണി വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ഞെട്ടിക്കുന്നതാണ്. മദ്യവര്‍ജ്ജനം നയമായി പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍, പ്രായോഗിക തലത്തില്‍ മദ്യവ്യാപനത്തിനായി വാതിലുകള്‍ വല്ലാതെ തുറന്നിടുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന ചോദ്യം പ്രസക്തമാണ്. ജനാധിപത്യപരമായ ചര്‍ച്ചകളോ മുന്നണി മര്യാദകളോ പാലിക്കാതെ എടുത്ത തീരുമാനം അങ്ങേയറ്റം ഏകപക്ഷീയവും ദുരൂഹവുമാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മദ്യ ഉപഭോഗം കുറയ്ക്കാന്‍ ബാറുകളുടെ സമയം അരമണിക്കൂര്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ രണ്ടാം സര്‍ക്കാരിന്റെ കാലത്തെത്തുമ്പോള്‍ സമയം രണ്ടു മണിക്കൂര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഇതില്‍ ഒളിച്ചിരിക്കുന്ന വൈരുദ്ധ്യം പകല്‍ പോലെ വ്യക്തമാണ്.ഇത്രയും സുപ്രധാനമായ ഒരു മാറ്റം മന്ത്രിസഭയിലോ എല്‍.ഡി.എഫ് യോഗത്തിലോ ചര്‍ച്ച ചെയ്തില്ല എന്നത് ഗൗരവകരമാണ്.
നിയമസഭയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കൈക്കൊണ്ട നടപടി ജനാധിപത്യ വിരുദ്ധമാണ്. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട വിഷയമായിട്ടുപോലും എല്‍.ഡി.എഫ് യോഗത്തിലും ഇക്കാര്യം അറിയിച്ചില്ല. നിയമസഭയില്‍ പറയുകയോ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടുകയോ ചെയ്തില്ല. തികച്ചും ഏകാധിപത്യ നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണ് നടപ്പിലായത്. സാധാരണ ജനങ്ങളുടെ ഉള്‍പ്പെടെ നിരവധി ജീവല്‍പ്രശ്നങ്ങളുള്‍പ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റിലുള്‍പ്പെടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് ബാറുടമകള്‍ക്ക് വേണ്ടിയുള്ള ഈ അതിവേഗ നീക്കമെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ബാറുടമകളുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കപ്പെടുന്നത് കോഴ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു.
ബജറ്റ് ദിവസമായ ജനുവരി 29നാണ് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചത്. 31നുള്ളില്‍ തന്നെ ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു. രണ്ട് ദിവസത്തിനകമാണ് ബാര്‍ സമയം കൂട്ടിയ തീരുമാനം എടുത്തതെന്നതാണ് വിചിത്രം. സാങ്കേതിക നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച തന്നെ വിജ്ഞാപനം ഇറക്കുകയും ചെയ്തു. ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും സമയം നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ബാറുടമകളുടെ ഫെഡറേഷനാണ്.
ബാറുകളുടെ സമയം നീട്ടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന കാര്യം പ്രതിപക്ഷത്തിനും അറിയില്ലായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനറോ നേതാക്കളോ പോലും അറിഞ്ഞിട്ടില്ല, പിന്നെങ്ങനെയാണ് പ്രതിപക്ഷം അറിയുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം.ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 തവണയാണ് ബാറുടമകള്‍ സര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ അന്നൊന്നും അനുകൂല നിലപാടെടുക്കാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അനുകൂല തീ രുമാനമെടുത്തതില്‍ കള്ളക്കളിയുണ്ടെന്ന ആക്ഷേപം ശക്തമാണ്.
വര്‍ഷംതോറുമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നയം പുതുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതും ബാറുടമകള്‍ക്ക് സഹായകരമാക്കാനെന്നാണ് ആക്ഷേപം. ബാറു കളുടെയും ബിയര്‍ പാര്‍ലറുകളുടേയും പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചതിനൊപ്പം ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ പുലര്‍ച്ചെ വരെ മദ്യം വിളമ്പാനും ഒന്നാം തീയതികളിലെ ഡ്രൈഡേ ഒഴിവാക്കാനുമുള്ള സമ്മര്‍ദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറന്നുകൊടുത്തുകൊണ്ട് തുടങ്ങിയ പിണറായി സര്‍ക്കാറിന്റെ മദ്യ വിപ്ലവം ഇന്ന് 884 ബാറുകളില്‍ എത്തിനില്‍ക്കുന്നു. 29 ബാറുകളില്‍നിന്ന് ഈ സംഖ്യയിലേക്കുള്ള വളര്‍ച്ച വികസനമല്ല, മറിച്ച് സാമൂഹിക തകര്‍ച്ചയുടെ സൂചനയാണ്. മദ്യലഭ്യത വര്‍ധിപ്പിക്കുന്നത് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വിരുദ്ധമാണ്. അര്‍ധരാത്രി വരെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് ക്രമസമാധാന നിലയെയും റോഡ് സുരക്ഷയെയും ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കുടും ബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കേരളത്തെ സാമൂഹിക ദുരന്തത്തിലേക്ക് നയിക്കാന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. ഖജനാവ് നിറയ്ക്കാന്‍ ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയം തിരുത്തപ്പെടേണ്ടതാണ്. സംസ്ഥാനത്തെ ലഹരിയുടെ തലസ്ഥാനമാക്കാന്‍ ശ്രമിക്കുന്നത് ചരിത്രം മാപ്പുനല്‍കാത്ത തെറ്റായി മാറും. സര്‍ക്കാരിന്റെ ഈ ഏകാധിപത്യ നടപടിക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.