india
ഇന്‍ഡിഗോയ്ക്ക് സര്‍ക്കാരിന്റെ ആദ്യവെട്ട്; 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചു
ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു.
ദില്ലി: ആകാശയാത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ആദ്യ നടപടിയെടുത്തു. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ 10 ശതമാനം വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകളാണ് ഏറ്റവും അധികം വെട്ടിക്കുറച്ചത്. 52 സര്‍വീസുകളാണ് ഇവിടെ നിര്‍ത്തലാക്കിയത്. നിലവില്‍ ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളെയാണ് പ്രധാനമായും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനിടെ ഇന്‍ഡിഗോയ്ക്കെതിരെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാജ്യത്താകെ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഡിജിസിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും കനത്ത പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ വൈകില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
india
അസമില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും; ഗൗരവ് ഗൊഗോയ്
‘വിജയിച്ചാല്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും’
അസമില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ 126 നിയമസഭാ സീറ്റുകളില്‍ 100ലും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ് ഞായറാഴ്ച അറിയിച്ചു. ബാക്കിയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് തേസ്പൂരില്‍ നടന്ന പരിപാടിക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്നും ചടങ്ങില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. 100 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥികളുമായി മത്സരിക്കുമെന്നും മറ്റ് സീറ്റുകള്‍ ചര്‍ച്ചയിലൂടെയും ആലോചനകളിലൂടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി വിഭജിക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, അസമിലെ ജനങ്ങളില്‍ നിന്ന് അപഹരിക്കപ്പെട്ട അന്തസ്സ് വീണ്ടെടുക്കും. കോണ്‍ഗ്രസ് സമാധാനത്തിലും ഐക്യത്തിലും വിശ്വസിക്കുന്നു, ബിജെപി അശാന്തിയിലും ഭിന്നതയിലും വിരാജിക്കുന്നു. കോണ്‍ഗ്രസിന് ഭരണഘടനയില്‍ വിശ്വാസമുണ്ട്, അതേസമയം ജനാധിപത്യം തകര്‍ത്ത് സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ശങ്കര്‍ദേവ്-മാധവ്ദേവ്, അജന് പിര്‍ എന്നിവരുടെ കര്‍ശനമായ ശിക്ഷാ നടപടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല,’ അദ്ദേഹം പറഞ്ഞു.
india
ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം; രണ്ട് ബോഗികള്‍ കത്തിനശിച്ചു
ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.
ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.
വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി 158ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 12.45നാണ് അപകടം. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. എറണാകുളത്തേക്ക് പോയ ട്രെയിനില്‍ നിന്ന് കേടായ രണ്ട് കോച്ചുകള്‍ വേര്‍പെട്ടു. കേടായ കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കും.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
india
ആരവല്ലി മലനിര; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വലിയ പരിസ്ഥിതി ആശങ്കകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വലിയ പരിസ്ഥിതി ആശങ്കകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. നവംബര്‍ 20ന് പുറപ്പെടുവിച്ച ഉത്തരവിലെ പുതിയ മാനദണ്ഡങ്ങള്‍ ആരവല്ലിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ പ്രത്യേക വെക്കേഷന് ബെഞ്ച് വിഷയം ഇന്ന് അടിയന്തരമായി പരിഗണിക്കുന്നത്.
ആരവല്ലി മലനിരകളിലെ ഖനനം നിയന്ത്രിക്കുന്നതിനായി കോടതി അംഗീകരിച്ച പുതിയ നിര്‍വചനമാണ് വിവാദത്തിലായിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം, തറനിരപ്പില്‍ നിന്ന് 100 മീറ്ററോ അതിലധികമോ ഉയരമുള്ള കുന്നുകളെ മാത്രമേ ‘ആരവല്ലി കുന്നുകള്‍’ ആയി കണക്കാക്കു എന്നാണ് പുതിയ ഉ ത്തരവ്. ഈ മാനദണ്ഡം നടപ്പിലാക്കിയാല്‍ രാജസ്ഥാനിലെ ആരവല്ലി മലനിരകളില്‍ 90 ശതമാനത്തോളം ഭാഗവും സംരക്ഷണ പരിധിക്കു പുറത്താകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വെറും 20 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള ചെറുകുന്നുകളും കുന്നിന് ചരിവുകളും ഖനനത്തിനായി തുറന്നു കൊടുക്കുന്നത് ഥാര്‍ മരുഭൂമിയുടെ വ്യാപനത്തിന് ഇടയാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. 100 മീറ്റര്‍ എന്ന പരിധി നിശ്ചയിച്ചത് ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണെന്നും ഇത് ഭരണപരമായ സൗകര്യം മാത്രമാണെന്നും വിമര്‍ശനമുണ്ട്. മണല്‍ക്കാറ്റിനെ തടഞ്ഞു നിര്‍ത്തുന്ന സ്വാഭാവിക മതിലായ ആരവല്ലി തകര്‍ന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകും. ഹരിയാന, രാജസ്ഥാന് മേഖലകളിലെ പ്രധാന ജലസ്രോതസ്സായ കുന്നിന് നിരകള്‍ ഇല്ലാതാകുന്നത് കുടിവെള്ളക്ഷാമത്തിന് വഴിവെക്കും.
-
kerala22 hours ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india15 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala16 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala23 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
india2 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
