india

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയെ വിട്ടയച്ച സംഭവം; ‘ഞങ്ങള്‍ക്കിത് നല്ല ദിവസം, സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു’- വി.എച്ച്.പി

By webdesk17

April 18, 2025

ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പ് ജയിലില്‍നിന്നു വിട്ടയച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. ‘ഞങ്ങള്‍ക്കിതൊരു നല്ല ദിവസമാണ്. സര്‍ക്കാരിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’ -വി.എച്ച്.പി പറഞ്ഞു.

ശ്രിക്ഷാ കാലാവധി തീരുന്നതിനുമുമ്പാണ് ഒഡിഷ സര്‍ക്കാര്‍ കുറ്റവാളിയെ ജയിലില്‍നിന്ന് വിട്ടയച്ചത്. 25 വര്‍ഷമായി ജയിലില്‍ തുടരുന്ന ഹെംബ്രാമിനെ നല്ല സ്വഭാവം പരിഗണിച്ച് മോചിപ്പിക്കാനാണ് സംസ്ഥാന തടവ് അവലോകന ബോര്‍ഡ് തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഇയാളെ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

അതേസമയം കേസിലെ മുഖ്യപ്രതിയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മോചിപ്പിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഒഡീഷ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണു കൊലയാളിയുടെ മോചനമെന്നും കോണ്‍ഗ്രസും ബി.ജെ.ഡിയും പറഞ്ഞു.

ഗ്രാമത്തില്‍ 1999 ജനുവരി 22ന് ഒഡിഷയിലെ മനോഹര്‍പുറില്‍ അര്‍ധരാത്രിയാണ് കുഷ്ഠരോഗികളെ പരിചരിച്ചിരുന്ന ആസ്ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും (58) മക്കളായ തിമോത്തി (10), ഫിലിപ്പ് (7) എന്നീ മക്കളെയും ജീവനോടെ ചുട്ടു കൊന്നത്. മനോഹര്‍പുര്‍ ഗ്രാമത്തില്‍ പള്ളിക്കു മുന്നില്‍ നിര്‍ത്തിയ വാഹനത്തില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. ജയ്ഹനുമാന്‍ വിളിച്ചെത്തിയ സംഘം ഇവരെ വാഹനത്തിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു.

അതേസമയം കുറ്റവാളിയെ വിട്ടയച്ച നടപടി ഇന്ത്യന്‍ നീതിക്കുമേലുള്ള തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ ദാരാ സിങ്ങിനെ മോചിപ്പിക്കണമെന്ന അപേക്ഷയില്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ഒഡീഷ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.