india

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ജിഎസ്ടി കൊള്ള; പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം

By webdesk13

August 06, 2024

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ ജിഎസ്ടിയിലെ വർധനവിനെതിരെ ഇന്ത്യാ മുന്നണി പാർലമെന്‍റിന് മുന്നിൽ പ്രതിഷേധിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണിയിലെ നേതാക്കൾ പങ്കെടുത്തു. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ 18 ശതമാനം ജിഎസ്ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യാ സഖ്യം പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചത്.

വിഷയം ഇന്ത്യാ സഖ്യം നേരത്തെ പാർലമെന്‍റില്‍ ഉയർത്തിയിരുന്നു. പാർലമെന്‍റിലെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ചില ഇൻഷുറൻസ് പദ്ധതികളെ 18 ശതമാനം ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മറുപടി നൽകി. ജിഎസ്ടി കൗൺസിലിന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇളവുകൾ നിർദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവയിൽ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്ന നിവേദനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നും 2024 സാമ്പത്തിക വർഷത്തിലെ ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നും യഥാക്രമം 8262.94 കോടി രൂപയും 1484.36 കോടി രൂപയുമാണ് ജിഎസ്ടി പിരിച്ചെടുത്തതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. 2022-ൽ ഇത് യഥാക്രമം 5354.28 കോടി രൂപയും 825.95 കോടി രൂപയും ആയിരുന്നത് 2023-ൽ 7638.33 കോടി രൂപയായും 963.28 കോടി രൂപയായും വർധിച്ചു.