തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയിഡ് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍, സുമയ്യ സര്‍ക്കാറിനെതിരെ കോടതിയിലേക്ക്. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ ഹരജി നല്‍കുന്നത്. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.
2023 മാര്‍ച്ച് 22നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ സുമയ്യക്ക് തൈറോയിഡ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെയാണ് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയത്.
കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ ശസ്ത്രക്രിയ വഴി പുറത്തെടുക്കാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ശസ്ത്രക്രിയ നടത്തി വയര്‍ പുറത്തെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നാണ് അറിയിപ്പ്.
നിലവില്‍ ഗൈഡ് വയറിന്റെ ഇരുവശങ്ങളും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്.