india

പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക; സാമ്പിളുകള്‍ പരിശോധനക്കയച്ചു

By webdesk17

January 22, 2025

പുണെയില്‍ ഗില്ലന്‍ ബാ സിന്‍ഡ്രോം പടരുന്നതായി ആശങ്ക. സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കിടെ കുട്ടികളടക്കം 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. രോഗികളുടെ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു.

ഗില്ലന്‍ ബാ സിന്‍ഡ്രോം നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്‍വ രോഗമാണ്. ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്തെ വീടുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.

രോഗലക്ഷണങ്ങള്‍ കണ്ട എല്ലാവരുടേയും രക്തം, മലം, തൊണ്ടയിലെ സ്രവങ്ങള്‍, ഉമിനീര്‍, മൂത്രം, സെറിബ്രോസ്പൈനല്‍ ഫ്ലൂയിഡ് എന്നിവയുടെ സാമ്പികളുകള്‍ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കി. മലിനമായ ജലവും ഭക്ഷണവും ഉപയോഗിക്കുന്നതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്.

തലച്ചോറില്‍ നിന്നും സുഷുമ്നാ നാഡിയില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകള്‍ എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ തന്നെ ഒരാളുടെ രോഗപ്രതിരോധ സംവിധാനം തെറ്റായി ആക്രമിക്കുന്നതുമൂലമാണ് ഗില്ലന്‍ ബാ സിന്‍ഡ്രോം ഉണ്ടാകുന്നത്.

കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഗില്ലന്‍ ബാ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.