അഹമ്മദബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി വോട്ടെണ്ണല്‍ തുടങ്ങാനിരിക്കെ പരാതിയുമായി കോണ്‍ഗ്രസ്. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറിയെന്ന് സംശയമാണ് വോട്ടെണ്ണല്‍ നീളാള്‍ കാരണമായത്. വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി പ്രതിനിധിയായ അമിത് ഷായെ കാണിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാര്‍ കൂറുമാറിയതായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതോടെ വോട്ടണ്ണെല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂറുമാറിയ എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ബല്‍വന്ത്സിങ് രാജ്പുത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരാണ് ഗുജറാത്ത് നിയമസഭയില്‍ നിന്നും രാജ്യസഭയിലേക്ക് വോട്ടു തേടിയത്.

എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനിരിക്കെ പട്ടേലിന്റെ ജയം തുലാസിലാണ്. രാഷ്ട്രീയ ബലാബലവും അന്തര്‍നാടകങ്ങളും അരങ്ങേറുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സസ്പെന്‍സിലേക്കാണ് നീങ്ങുന്നത്.

രാജ്യസഭയിലേത്ത് വിജയിക്കാന്‍ 45 വോട്ടാണ് വേണ്ടത്. 51 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ഏഴ് പേര്‍ പോയതോടെ സഭയില്‍ അവശേഷിക്കുന്നത് 44 പേരാണ്. കോണ്‍ഗ്രസ് അംഗങ്ങളുടെ 44 വോട്ട് കൃത്യമായി കിട്ടിയാലും പട്ടേലിന് ജയിക്കാന്‍ ഒരു വോട്ട് കൂടി വേണം.

ഈ സാഹചര്യത്തിലാണ് എന്‍.സി.പിയുടെ നിലപാട് നിര്‍ണായകമാണ്. രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പി നേരത്തെ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതാണ്. എന്നാല്‍ എന്‍സിപി എം.എല്‍.എമാരില്‍ ഒരാള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതായാണ് വിവരം.

കോണ്‍ഗ്രസ് വിട്ട വഗേലയും അദ്ദേഹത്തിന്റെ അനുയായികളായ ആറ് എം.എല്‍.എമാരും ബിജെപി സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത്.
അഹമ്മദ് പട്ടേല്‍ തന്റെ അടുത്ത സുഹൃത്താണെന്ന് ഇന്നലെ പറഞ്ഞ ശങ്കര്‍ സിങ് വഗേല ഇന്ന് നിലപാട് മാറ്റുകയായിരുന്നു. താന്‍ എന്തിന് തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ചോദിച്ച വഗേല അഹമ്മദ് പട്ടേല്‍ തോല്‍ക്കുമെന്നും വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു.