എറണാങ്കുളം: ‘ മഞ്ഞുമ്മല്‍ ബോയ്സ് ‘ എന്ന ചിത്രത്തിന് വേണ്ടി 50 അടി ആഴമുള്ള ഗുണാകേവ് പണിത പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിക്ക് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൊടൈക്കനാലിലെ യഥാര്‍ത്ഥ ഗുണാകേവിന്റെ മാതൃകയില്‍ പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ അതിസുന്ദരമായ സെറ്റ് ഒരുക്കിയത്.
ഒന്നര ദശാബ്ദമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്ന ഗുണാകേവിന്റെ ദൃശ്യങ്ങള്‍ സിനിമയില്‍ എങ്ങനെ പകര്‍ത്തിയെന്ന ചോദ്യത്തിന് ഉത്തരം തന്നതായിരുന്നു അജയന്റെ സൃഷ്ടി. കൊടൈക്കനാലില്‍ നിന്ന് പാറകളുടെയും ചെറുകല്ലുകളുടെയും മോള്‍ഡ് എടുത്ത് അതേപോലെ പുനര്‍നിര്‍മിച്ചാണ് സെറ്റ് തയ്യാറാക്കിയത്. മഴ, മഞ്ഞ് തുടങ്ങിയ പ്രകൃതിദൃശ്യങ്ങളും യഥാര്‍ത്ഥ്യമായി ഉള്‍പ്പെടുത്തിയതിലൂടെ പ്രേഷകരെ വിസ്മയിപ്പിച്ചു.
കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഗുണാകേവ് നേരില്‍ സന്ദര്‍ശിച്ച് ഓരോ വിശദാംശവും പഠിച്ച ശേഷമാണ് സെറ്റ് പണിതത്. പ്രേഷകര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ തിരിച്ചെറിഞ്ഞത് ഏറ്റവും വലിയ സന്തോഷമാണ് ‘ എന്ന് അജയന്‍ ചാലിശ്ശേരി പറഞ്ഞു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മഹേഷിന്റെ പ്രതികാരം, ട്രാന്‍സ്, പത്തൊമ്പതാം നൂറ്റാണ്ട്, പറവ, വരത്തന്‍, ഇടുക്കി ഗോള്‍ഡ്, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയ നിരവധി മികച്ച സിനിമകളില്‍ അജയന്റെ കലാസംവിധാനം ഇതിനുമുമ്പും ശ്രദ്ധേയമായിരുന്നു. മികച്ച കലയുടെയും കൃത്യതയുടെയും സമന്വയമായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയും അതിന്റെ ഗുണാകേവ് സെറ്റും അജയന്‍ ചാലിശ്ശേരിയെ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി ഉയര്‍ത്തിയിരിക്കുന്നു.