ഉത്തര്‍പ്രദേശ്: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ മുസ്ലീം ഭാഗത്ത് നിന്ന് നല്‍കിയ ഹരജി വാരണാസി ഫാസ്റ്റ് ട്രാക്ക് കോടതി തള്ളി. വാദം ഡിസംബര്‍ രണ്ടിന് കേള്‍ക്കും. ഗ്യാന്‍വാപി പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരാധനാ അവകാശം ആവശ്യപ്പെട്ടുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി.
ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ സമീപത്തെ ചിലര്‍ വാരണാസിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയം ഹിന്ദുക്കള്‍ക്ക് കൈമാറുക, മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി നല്‍കിയത്. ശിവലിംഗം കണ്ടെത്തിയതിന് ശാസ്ത്രീയ പരിശോധന നടത്താന്‍ കോടതി നേരത്തേ വിസമ്മതിച്ചിരുന്നു. പരിശോധനയ്ക്കിടെ ശിവലിംഗത്തിന് കേടുപാട് സംഭവിച്ചാല്‍ മതവികാരം വ്രണപ്പെടുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.