india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

By webdesk13

April 29, 2024

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.