കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനാണ് പരമോന്നത കോടതിയെ സമീപിക്കുക. തിങ്കളാഴ്ച അപ്പീല്‍ ഹരജി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് കോടതി വിലയിരുത്തിയത്.

മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കാന്‍ തടഞ്ഞു വെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.