സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും ഭര്‍ത്താവിന്റെ ഒപ്പം പോകാനാണ് താല്‍പര്യമെന്നും ഡോ. ഹാദിയ. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹാജരാകുന്നതിന് ഡല്‍ഹിയിലേക്ക് പോകുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. തന്നെയാരും നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. തനിക്ക് നീതികിട്ടണം. ജീവിക്കാനാവശ്യമായ സംരക്ഷണവും ലഭിക്കണമെന്നും ഹാദിയ പറഞ്ഞു.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വൈക്കം ടിവിപുരത്തെ വീട്ടില്‍ നിന്നും പിതാവ് അശോകന്റെയും മാതാവിന്റെയും ഒപ്പം പൊലീസ് അകമ്പടിയോടെ പുറപ്പെട്ട ഡോക്ടര്‍ ഹാദിയ 3.25 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി തുടര്‍ന്ന് വന്‍ പൊലീസ് അകമ്പടിയോടെയാണ് അഭ്യന്തര ടെര്‍മിനിലേക്ക് കയറിയത്. പിന്നീട് 6.30 തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യു.കെ 886 വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിക്ക് പുറപ്പെട്ടു. കടുത്തുരുത്തി സി.ഐ ജോണ്‍സന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പൊലീസ് സംഘമാണ് ഇവരോടൊപ്പമുള്ളത്. നാളെ ഉച്ചയ്ക്ക് ശേഷം ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ചേകന്നൂര്‍ മൗലവിയുടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ വനിതാവിഭാഗം നേതാവ് ജാമിദ ടീച്ചര്‍ വൈക്കത്തെ വസതിയിലെത്തി ഹാദിയയുമായി ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇതിന് ഇവര്‍ക്ക് ആരാണ് അനുമതി നല്‍കിയതെന്ന ദുരൂഹത ബാക്കിനില്‍ക്കെ ഷെഫിന്‍ ജഹാന്‍ ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയതായാണ് സൂചന.

ഈ മാസം 27ന് ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് പിതാവ് അശോകനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് ഹാദിയയുടെയും പിതാവിന്റെയും യാത്ര. അഞ്ചു പൊലീസുകാര്‍ ഹാദിയയെ അനുഗമിക്കുന്നുണ്ട്. ഡല്‍ഹിയിലേക്ക് ട്രെയിന്‍ മാര്‍ഗം പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും യാത്രയിലുണ്ടാകുവാന്‍ സാധ്യതയുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ആശങ്ക മൂലം യാത്ര വിമാനത്തിലാക്കിയത് . ഡല്‍ഹിയിലെത്തുന്ന ഹാദിയ കേരള ഹൗസില്‍ തങ്ങുമെന്നാണ് വിവരം. നാലു മുറികള്‍ കേരള ഹൗസില്‍ ഇവര്‍ക്കായി അനുവദിച്ചിട്ടുണ്ട്.ഹാദിയയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹാദിയ- ഷെഫിന്‍ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ ഷെഫിന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.ഹാദിയ കേസില്‍ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍.ഐ.എ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.