Culture

ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം; ഷാഹിന നഫീസ

By chandrika

September 23, 2017

കോഴിക്കോട്:ഹാദിയയെ മാത്രമല്ല അവരുടെ കുടുംബത്തെ ഒന്നാകെ സ്ഥാപിത താല്‍പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് ഷാഹിന നഫീസ. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിച്ച് വന്നതിന് ശേഷമാണ് ഷാഹിന ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ലെന്ന കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ പോലീസ ഭീഷണിപ്പെടുത്തുകയാണെന്നും ഷാഹിന് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഡോ.വി.സി ഹാരിസ്, സണ്ണി എം.കപിക്കാട്, എലിസബത്ത് ഫിലിപ്പ്, അഡ്വ.അനിലാ ജോര്‍ജ്, വി.ഡി ജോസ് എന്നിവരോടൊപ്പമാണ് ഹാദിയയെ സന്ദര്‍ശിക്കാന്‍ പോയത്.

ഹാദിയയുടെ അച്ഛന്‍ അശോകനെ കണ്ടു, സംസാരിച്ചു, അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല ഹാദിയയുടെ അച്ഛന്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത്. ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്‍ത്തകന്‍ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് ഷാഹിന പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഹാദിയയുടെ വീട്ടില്‍ പോയി .ഹാദിയയുടെ അച്ഛന്‍ അശോകനെ കണ്ടു . സംസാരിച്ചു .അകത്തു കയറാനോ ഹദിയയെ കാണാനോ അനുവദിച്ചില്ല . ഡോ വി സി ഹാരിസ്(V C Harris ), സണ്ണി കപിക്കാട്(Sunny Mannumanam Kapicadu) ,എലിസബത്ത് ഫിലിപ്പ് (Elizabeth Philip),അഡ്വ : അനിലാ ജോര്‍ജ്(Anila George) , വി ഡി ജോസ് എന്നിവരോടൊപ്പമാണ് പോയത് . ഹാദിയയുടെ അച്ഛന്‍ കടുത്ത വൈകാരിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് സംസാരിക്കുന്നത് . ഞങ്ങള്‍ക്ക് വീട് കാട്ടിത്തരാന്‍ വന്ന പരിഷത് പ്രവര്‍ത്തകന്‍ അമൃത് ലാലിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം നേരിട്ടത് . ഹാദിയയെ മാത്രമല്ല മോചിപ്പിക്കേണ്ടത് എന്ന് തോന്നുന്നു . ആ കുടുംബം ഒന്നാകെ മോചിപ്പിക്കപ്പെടേണ്ടതുണ്ട് .സ്ഥാപിത താത്പര്യക്കാരുടെ നിയന്ത്രണത്തില്‍ നിന്ന് . സുപ്രീം കോടതിയുടെ പരിഗണയിലുള്ള ഒരു കേസിലെ കക്ഷികളെ കാണാന്‍ ആര്‍ക്കും അവകാശമില്ല എന്ന് കള്ളം പറഞ്ഞ്, വരുന്നവരെ മുഴുവന്‍ ഭീഷണിപ്പെടുത്തുകയാണ് പോലീസ് . അവിടെ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സൗഹാര്‍ദപരമായാണ് ഇടപെട്ടത് . ഞങ്ങള്‍ വന്നതറിഞ്ഞ് അവിടെയെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത് . അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട് . ഹാദിയയുടെ മാനസിക ,ശാരീരിക ആരോഗ്യ സ്ഥിതി വിലയിരുത്താനായി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെടുന്നു . ആ പ്രദേശത്ത് വലിയ ഭീകരാന്തരീക്ഷമാണ് എന്നൊന്നും തോന്നിയില്ല . വാഹനം കുറച്ചു ദൂരെ പാര്‍ക്ക് ചെയ്ത് ഇറങ്ങി നടന്ന ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. അനുകൂലമായോ പ്രതികൂലമായോ അയല്‍പക്കക്കാരൊന്നും ഇടപെടുന്നില്ല. ഗുരുതരമാണ് അവസ്ഥ .