ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യവുമായി സ്ത്രീകളുടെ പ്രതിഷേധം. അഞ്ച് സ്ത്രീകളാണ് ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നത്. ഹാദിയക്ക് കൊടുക്കാന്‍ കുറച്ച് മധുരപലഹാരങ്ങളും വസ്ത്രങ്ങളുമായാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് ഒരു പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ തന്റെ മകള്‍ക്ക് ഇതൊന്നും ആവശ്യമില്ലെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ പറയുകയായിരുന്നു. ഹാദിയയെ കാണണമെന്ന് ആവശ്യപ്പെട്ടില്ല. കൊണ്ടുവന്ന സാധനങ്ങള്‍ അവള്‍ക്ക് നല്‍കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ ഇത് വിസമ്മതിക്കുകയായിരുന്നു. ഈ സമയം തന്നെ രക്ഷിക്കണമെന്ന് പറയുന്ന ഹാദിയയെയാണ് ജനലിനുള്ളിലൂടെ കണ്ടത്. ഇവരെന്നെ ഉപദ്രവിക്കുകയാണെന്നും ഹാദിയ പറയുന്നുണ്ടായിരുന്നു. അതു കൊണ്ടാണ് വീടിനു മുന്നില്‍ നിന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുമാസമായെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

നേരത്തെ, ഹിന്ദുത്വവാദി രാഹുല്‍ ഈശ്വര്‍ ഹാദിയയെ കാണാനെത്തിയതും ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ ഹാദിയയുടെ അച്ഛന്‍ അശോകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.