തല കുളിച്ചശേഷം ചിലരില്‍ ഉണ്ടാകുന്ന തീവ്രമായ തലവേദന ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. സാധാരണ മാനസിക സമ്മര്‍ദം, അനാരോഗ്യകരമായ ഭക്ഷണം, ഉറക്കക്കുറവ് തുടങ്ങിയവയാണ് തലവേദനയ്ക്കുള്ള അറിയപ്പെടുന്ന കാരണങ്ങള്‍. എന്നാല്‍ ചിലര്‍ക്കു മാത്രം തല കഴുകുന്നതാണ് വേദനയെ നേരിട്ട് ട്രിഗര്‍ ചെയ്യുന്നത്. ‘ഹെയര്‍ വാഷ് മൈഗ്രെയ്ന്‍’ എന്നറിയപ്പെടുന്ന ഈ അവസ്ഥ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. വിദഗ്ധര്‍ പറയുന്നത്, നീളം കൂടിയ മുടി ആഴ്ചയില്‍ മൂന്നു തവണ വരെ കഴുകുമ്പോഴും ഈ തലവേദന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്. മുടി കഴുകിയതിനുശേഷം ദീര്‍ഘനേരം നനവോടെ വയ്ക്കുന്നതും വേദനയ്ക്ക് വഴിയൊരുക്കുന്നു. തലയോട്ടിയിലൂടെ കടന്നുപോകുന്ന ആക്‌സിപിറ്റല്‍ നാഡികള്‍ക്ക് ബാധയുണ്ടാകുന്നതുമൂലം ഉണ്ടാകുന്ന ആക്‌സിപിറ്റല്‍ ന്യൂറാല്‍ജിയ, ചെവിക്ക് പിന്നിലുള്ള മസ്‌റ്റോയ്ഡ് എല്ലില്‍ അണുബാധയുണ്ടാകുന്ന മസ്‌റ്റോയിഡിറ്റിസ് എന്നിവയും ഇത്തരം തുളച്ചുകയറുന്ന തലവേദനയ്ക്ക് കാരണങ്ങളാകാം. അതുപോലെ തലയോടിനെയും താടിയെയും ബന്ധിപ്പിക്കുന്ന സന്ധിയില്‍ സംഭവിക്കുന്ന ടിഎംജെ (TMJ) ഡിസോര്‍ഡറും തലവേദനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാം. ചിലപ്പോള്‍ പല്ല് പ്രശ്‌നങ്ങളും തലവേദനയിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്, നന്നായി വെള്ളം കുടിക്കുക, കഫീന്‍ കുറയ്ക്കുക, ദിവസവും മുടി കഴുകുന്നത് ഒഴിവാക്കുക, തല കഴുകുമ്പോള്‍ അമിതമായി സമ്മര്‍ദം നല്‍കാതിരിക്കുക എന്നിവയാണ്. ഈ മുന്‍കരുതലുകള്‍ പാലിച്ചാല്‍ ഹെയര്‍ വാഷ് മൈഗ്രെയ്ന്‍ ഭൂരിഭാഗം കേസുകളിലും കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു.