ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിട അവിശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഒരു സൈനികന്റ മൃതദേഹം കൂടി ഹമാസ് കണ്ടെടുത്തു. തെക്കന്‍ റഫായിലെ ടണലില്‍ നിന്നാണ് ഇസ്രാഈലി സൈനികന്റെ ശരീരാവിശിഷ്ടങ്ങള്‍ തിരിച്ചലില്‍ കണ്ടെത്തിയത്. അതേസമയം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുബാസിന് തെക്കുള്ള ഫറാ അഭയാര്‍ഥി ക്യാമ്പില്‍ ഒരു ഫലസ്തീന്‍ പൗരനെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തി. ഫലസ്തീന്‍ കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രാഈല്‍ തുടരുകയാണ്.
അതേസമയം, ഗസ്സയില്‍ രണ്ടുവര്‍ഷംമായി തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ 69,169 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 170,685 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 10ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഇസ്രാഈല്‍ വിട്ടുകൊടുത്തു. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.
നിലവില്‍ ഹമാസ് 23 ഇസ്രാഈലി ബന്ദികളുടെ മൃതദേഹങ്ങളാണ് വിട്ടുനല്‍കിയത്. ഇനി അഞ്ച് ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിക്കാനുണ്ട്. ഇസ്രാഈല്‍ ഇതുവരെ 300 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി.