News

ബന്ദികളുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയിലെന്ന് ഹമാസ്; തിരിച്ച് തന്നില്ലെങ്കില്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രാഈല്‍

By webdesk17

October 16, 2025

നിരവധി ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ്. മൃതദേഹങ്ങള്‍ തിരിച്ച് തന്നില്ലെങ്കില്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് ഭീഷണി മുഴക്കിയിരുന്നു.

രണ്ട് ബന്ദികളുടെ കൂടി മൃതദേഹങ്ങള്‍ ഹമാസ് കൈമാറിയതിന് പിന്നാലെയാണ് ഇസ്രാഈല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇതുവരെ ഒമ്പത് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. നേരത്തെ കൈമാറിയ പത്താമത്തെ മൃതദേഹം ബന്ദിയുടേതല്ലെന്നും ഇസ്രാഈല്‍ അറിയിച്ചു. അതേസമയം, ഇസ്രാഈല്‍ കൊലപ്പെടുത്തിയ 30 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി ഗസ്സക്ക് കൈമാറി. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം 120 ആയി.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇന്ന് മൂന്നുപേരുടേതും ബുധനാഴ്ച കൊല്ലപ്പെട്ട നാലുപേരുടേതുമടക്കം ഒരാഴ്ചക്കിടെ 24 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വിവിധ ആശുപത്രികളിലെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രാഈല്‍ 360 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഇതുവരെ കൈമാറിയത് 120 പേരുടെ മൃതദേഹങ്ങളാണ്.

വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റിയെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. കൈമാറാന്‍ സാധിക്കുന്ന എല്ലാ ജീവനുള്ള ബന്ദികളെയും മൃതദേഹങ്ങളും കൈമാറിയിട്ടുണ്ട്. എന്നാല്‍, ബാക്കിയുള്ള മൃതദേഹങ്ങള്‍ യുദ്ധാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കുന്നതിന് വിപുലമായ ശ്രമങ്ങളും പ്രത്യേക ഉപകരണങ്ങളും ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.