india

ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

By webdesk17

February 16, 2026

ബംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. മല്ലേഷ്, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി തൂക്കിലേറ്റാന്‍ വിധിച്ചത്.

രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തില്‍ വെറും ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹംപിയിലെ സനാപൂര്‍ തടാകക്കരയില്‍ വിശ്രമിക്കുകയായിരുന്ന വിനോദസഞ്ചാരികളെ മൂന്ന് പ്രതികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒഡീഷ സ്വദേശിയായ ബിബാഷിനെ മര്‍ദ്ദിച്ച ശേഷം പ്രതികള്‍ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശി പങ്കജ് എന്നിവരെ മര്‍ദ്ദിച്ച് കനാലിലെറിഞ്ഞു.

27-കാരിയായ ഇസ്രാഈല്‍ പൗരയെയും അവര്‍ താമസിച്ചിരുന്ന ഹോംസ്റ്റേയുടെ ഉടമയായ 29-കാരിയെയുമാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കുറ്റകൃത്യത്തിന്റെ ക്രൂരത പരിഗണിച്ച ഗംഗാവതി ജില്ലാ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി ആറിന് തന്നെ ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.