69ാം ജന്മദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി താരലോകം. ഫിറ്റ്‌നസ് കൊണ്ട് എന്നും അത്ഭുതപ്പടുത്തുന്ന മലയാളത്തിന്റെ മാത്രം അഹങ്കാരത്തിന് പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെയാണ് പുതിയ പിറന്നാളും എത്തിയിരിക്കുന്നത്. എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാളിലും ആരാധകര്‍ ചോദിക്കുന്നത്. കുടുംബനാഥനായും ചേട്ടനായും പൊലീസുകാരനായും ജേര്‍ണലിസ്റ്റായും രാഷ്ട്രീയക്കാരനായും അധ്യാപകനായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും വെള്ളിത്തിരയില്‍ മിന്നിയ മമ്മൂട്ടിയെന്ന മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാളാശംസകള്‍ നല്‍കുന്ന തിരക്കിലാണ് ആരാധകര്‍ക്കപ്പുറം സെലിബ്രറ്റികളും.

https://www.facebook.com/437760549610219/videos/330513558391376

ലോക്ക്ഡൗണിനിടെ പ്രായത്തെ തോല്‍ക്കുന്ന ചിത്രങ്ങളുമായി എത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ തലേന്ന് തന്നെ താര രാജാവിന് പിറന്നാള്‍ ആശംസകളുമായി ഫാന്‍സുകാരുടെ സിഡിപി(കോമണ്‍ ഡിസ്പ്ല പിക്ചര്‍) സോഷ്യല്‍ മീഡിയയില്‍ ട്രെന്റായിരുന്നു. ഇന്നലെ പാതിരാത്രി പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ എത്തിയ വീഡിയോയും വൈറലായി.
എല്ലാ സെപ്റ്റംബര്‍ ആറിനും മമ്മൂട്ടിയുടെ പിറന്നാള്‍ തലേന്ന്, താരം വീട്ടിലുണ്ടെങ്കില്‍ പിറന്നാള്‍ ആശംസിക്കാന്‍ അര്‍ധരാത്രി വീടിനു വെളിയില്‍ തടിച്ചുകൂടുന്ന ഒരു ആള്‍ക്കൂട്ടം പതിവാണ്. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ വീടിനു മുന്നില്‍ കോവിഡ് കാലത്തും എത്തിയ ആരാധകര്‍ക്ക് നേരെ കൈവീശി നന്ദി പറയുന്ന മമ്മൂട്ടിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

 

ഇതിനിടെ മമ്മൂട്ടിക്ക് പെരുന്നാള്‍ മുത്തവുമായി മോഹന്‍ലാലും എത്തി. പിറന്നാള്‍ ദിനത്തില്‍ എന്റെ ഇച്ചാക്കയ്ക്ക് ആശംസകള്‍ നേരുകയാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിന്റെ അഭിമാനമായ സുവര്‍ണ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പ്രേം നസീര്‍ യുഗത്തിലെ താരങ്ങളില്‍ നിന്നും ബാറ്റണ്‍ ഏറ്റെടുത്ത് മലയാളസിനിമയെ നാലു പതിറ്റാണ്ടിലേറെയായി മുന്നോട്ട് നയിക്കുന്ന ഈ താരങ്ങള്‍ സിനിമയ്ക്ക് അപ്പുറവും ദൃഢമായൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ലാലിന്റെ പിറന്നാളിന് മമ്മൂട്ടിയും ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് വാചാനായിരുന്നു.

"66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ…

Posted by Salim Kumar on Sunday, September 6, 2020

മമ്മൂക്കയ്ക്ക വേറിട്ട ആശംസയുമായി നടന്‍ സലിം കുമാര്‍ എത്തിയത്. തന്റെ സിനിമാ ഡയലോഗുകള്‍ പോലെ തന്നെയാണ് സലിം കുമാറിന്റെ ആശംസയും. ‘ 66 ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ ’69’ ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ്.ഇനി ഇത് ’96’ ഇങ്ങിനെയും ’99’ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്,’ സലിം കുമാര്‍ കുറിച്ചു. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സലിം കുമാറിന്റെ രസകരമായ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘ജന്മദിനാശംസകള്‍ ഇക്കാ. സൗന്ദര്യത്തിന്റെയും കലയോടുള്ള അവസാനിക്കാത്ത പാഷനും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ ഇനിയുമുണ്ടാവട്ടെ,’ പ്രിയപ്പെട്ട ഇക്കയ്ക്ക് സുരേഷ് ഗോപിയുടെ ആശംസ.

ആശംസകളുമായി ചലച്ചിത്ര-സാമൂഹ്യ – സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരാണ് രംഗത്തെത്തിയത്. ഏകദേശം 125ലധികം സെലിബ്രിറ്റീസിന്റെ രണ്ടര മണിക്കൂറോളം ദൈര്‍ഖ്യം ഉള്ള ജന്മദിനാശംസകളുടെ വീഡിയോ ആണ് മമ്മൂട്ടി ടൈംസ് പുറത്തിറക്കിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന് ആശംസകള്‍ നേരാനായി നൂറിലേറെ വരുന്ന ചലച്ചിത്ര-സാംസ്‌കാരിക- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ വീഡിയോയില്‍ അണിനിരക്കുകയാണ്. :സിനിമ സ്വപ്നം കാണാന്‍ പ്രചോദനമായ മഹാനടന് ഒരു സ്‌നേഹസമ്മാന’മായാണ് മമ്മൂട്ടി ടൈംസ് ഈ വീഡിയോ പുറത്തിറക്കിയിരുന്നത്. ഫാസില്‍, പ്രിയദര്‍ശന്‍, എസ് എന്‍ സ്വാമി, ശരത് കുമാര്‍, ശോഭന, മംമ്ത, മല്ലിക സുകുമാരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം വീഡിയോയില്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.