കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് കോട്ടയം പൊന്‍കുന്നം പൊലീസിന് കൈമാറിയെന്ന് തമ്പാനൂര്‍ പൊലീസ് പറയുന്നു. അതേസമയം കേസ് കൈമാറി ലഭിച്ചിട്ടില്ലെന്ന് പൊന്‍കുന്നം പൊലീസും പ്രതികരിച്ചു.
കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു.
ആര്‍എസ്എസ് കാമ്പുകളില്‍ നടക്കുന്നത് പീഡനമാണെന്നും പ്രതി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നല്ലപേര് പറഞ്ഞു നടക്കുന്നതായും താന്‍ വലിയ വിഷാദത്തിലേക്ക് കടന്നതായും വിഡിയോയില്‍ പറയുന്നു.