News

ഹാര്‍ദിക് പാണ്ഡ്യയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തത് പരിക്ക് കാരണം; വിശദീകരണവുമായി ബി.സി.സി.ഐ

By sreenitha

January 03, 2026

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.

ഹാര്‍ദിക്കിനെ ഉടന്‍ നടക്കുന്ന ടി20 ലോകകപ്പിനായി പൂര്‍ണമായി സജ്ജമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അതിന് മുന്നോടിയായി അനാവശ്യമായ ജോലി ഭാരം ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും ബി.സി.സി.ഐയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, നീണ്ട കാലത്തെ പരിക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹാര്‍ദിക് മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങിയ താരം ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ഇന്ന് വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറിയും നേടി. 68 പന്തില്‍ ആറ് ഫോറും എട്ട് സിക്‌സറുകളുമടക്കമാണ് താരം മൂന്നക്കം തൊട്ടത്. തുടര്‍ന്ന് 92 പന്തില്‍ 133 റണ്‍സ് നേടി പുറത്തായ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറുകളും 11 കൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെട്ടിരുന്നു.

പരിക്ക് പൂർണമായി മാറിയ ശേഷം മാത്രമേ ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കൂ എന്ന നിലപാടിലാണ് ബി.സി.സി.ഐ. ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യയുടെ പ്രധാന ആയുധമാകുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് ലോകം പങ്കുവയ്ക്കുന്നു.