രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് സെഞ്ച്വറിയും ബറോഡയെ രക്ഷിക്കാന്‍ പോരായ്മയായി. ബറോഡ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിദര്‍ഭ മറികടന്നു. ഹാര്‍ദിക്കിന്റെ സെഞ്ച്വറിയ്ക്ക് മറുപടിയായി ഓപണര്‍ അമന്‍ മൊഖണ്ഡേ നേടിയ അപരാജിത സെഞ്ച്വറി (150) വിദര്‍ഭയുടെ ഒമ്പത് വിക്കറ്റ് വിജയത്തിന് അടിത്തറയിട്ടു. സ്‌കോര്‍: ബറോഡ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 293; വിദര്‍ഭ 41.4 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 296.
ടോസ് നേടിയ വിദര്‍ഭ ബറോഡയെ ബാറ്റിങ്ങിന് അയച്ചു. 26 റണ്‍സിനിടെ ഓപണര്‍മാരെ നഷ്ടമായ ബറോഡ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി തകര്‍ച്ചയിലായി. 71ന് അഞ്ച് എന്ന നിലയില്‍ ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ കരകയറ്റിയത്. 92 പന്തില്‍ എട്ട് ഫോറും 11 സിക്‌സും ഉള്‍പ്പെടെ 133 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
39-ാം ഓവറില്‍ സ്പിന്നര്‍ പാര്‍ഥ് രഖഡെയെതിരെ ഹാര്‍ദിക് നടത്തിയ ആക്രമണം മത്സരം ആവേശത്തിലാക്കി. ആദ്യ അഞ്ച് പന്തുകളില്‍ സിക്‌സറുകളും അവസാന പന്തില്‍ ഫോറും ഉള്‍പ്പെടെ 34 റണ്‍സാണ് ആ ഒറ്റ ഓവറില്‍ പിറന്നത്. ഇതേ ഓവറിലാണ് ഹാര്‍ദിക് 66ല്‍ നിന്ന് സെഞ്ച്വറിയിലെത്തിയത്. ഹാര്‍ദിക്കൊഴികെ മറ്റാര്‍ക്കും 30 റണ്‍സ് കടക്കാനായില്ല. 26 റണ്‍സ് നേടിയ വിഷ്ണു സോളങ്കിയാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍. വിദര്‍ഭക്കായി യഷ് താക്കൂര്‍ നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ വിദര്‍ഭയുടെ ഓപണര്‍മാര്‍ കത്തിക്കയറിയതോടെ വിജയലക്ഷ്യം എളുപ്പമായി. അമന്‍ മൊഖണ്ഡെയുടെ അപരാജിത സെഞ്ച്വറിക്കൊപ്പം അഥര്‍വ തൈദേ (65)യും ധ്രുവ് ഷൂരി (65*)യും അര്‍ധ സെഞ്ച്വറികള്‍ നേടി. 121 പന്തുകള്‍ നേരിട്ട മൊഖണ്ഡേ 17 ഫോറും നാല് സിക്‌സും സഹിതം 150 റണ്‍സ് നേടി പുറത്താകാതെ നിന്നു. 50 പന്തുകള്‍ ശേഷിക്കെയാണ് വിദര്‍ഭ വിജയലക്ഷ്യം ഭേദിച്ചത്.