kerala

സോപാനസംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

By Akhila

March 27, 2026

മലപ്പുറം: പ്രശസ്ത സോപാനസംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളില്‍ സജീവമാകും എന്നും ഹരിഗോവിന്ദന്‍ പ്രതികരിച്ചു.

ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദന്‍. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയില്‍ താല്‍പര്യം നിലനിര്‍ത്തുന്നതില്‍ ഹരിഗോവിന്ദന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിന് തന്റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന്‍ പറയുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്‌കാരത്തിന്റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്‍. ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്‌നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്. അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.