kerala

ഹരിപ്പാട് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സാധ്യത

By nazmiya nazreen

October 14, 2025

ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള സാധ്യത.

അപകടം ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഇടപെടാത്തതാണെന്ന് ആലപ്പുഴ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് സമര്‍പ്പിക്കും.

സംഭവത്തിന് പിന്നാലെ ”സ്റ്റേ വയര്‍ സാമൂഹ്യവിരുദ്ധര്‍ ഊരിയതാണ്” എന്ന പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ ജനരോഷം ഉയര്‍ന്നതോടെ, ചീഫ് സേഫ്റ്റി ഓഫീസര്‍ (ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍) നയിക്കുന്ന സമഗ്ര പരിശോധനയ്ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

പരിശോധനയില്‍ സ്റ്റേ വയര്‍ നാളുകള്‍ക്ക് മുന്‍പേ ഊരിമാറിയതും, അതിനെ കണ്ടെത്താനോ പുനഃസ്ഥാപിക്കാനോ പള്ളിപ്പാട് സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടില്ലെന്നും കണ്ടെത്തി.

സ്ത്രീ ഫ്യൂസ് കാരിയറില്‍ മുട്ടിയാണ് ഷോക്കേറ്റ് മരിച്ചത്, കൂടാതെ ഫ്യൂസ് കാരിയര്‍ പൂര്‍ണ്ണമായും കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരുടെയൊക്കെ മൊഴി ശേഖരിച്ചിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സ്റ്റേ വയറുമായി ബന്ധപ്പെട്ട പരാതികള്‍ കെഎസ്ഇബി ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നത് ഉദ്യോഗസ്ഥര്‍ മൊഴിയില്‍ വ്യക്തമാക്കി.

ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാണിക്കുന്ന അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വൈദ്യുതി മന്ത്രിക്ക് കൈമാറും. അപകടത്തില്‍ പരിക്കേറ്റ ശ്രീലതയുടെ മൊഴിയും രേഖപ്പെടുത്തും.