ഫരീദാബാദ്: ഹരിയാനയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചാണ് സംഭവം നടന്നത്. കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിതയാണ് കൊല്ലപ്പെട്ടത്.

അക്രമി തൗസീഫും സുഹൃത്ത് റെഹാനും കോളജിനു പുറത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയെ ബലമായി കാറില്‍ കയറ്റാന്‍ തൗസീഫ് ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

https://twitter.com/V_R_G_INC/status/1321040125099339776?s=20

നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.

ഇവര്‍ മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് ഏറെ നാളായെന്ന് നികിതയുടെ പിതാവ് പറഞ്ഞു. 2018ല്‍ തൗസീഫിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ പേര് മോശമാവുമെന്ന് കരുതി പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു.