ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ജയില്‍ചാടിയ ഖലിസ്താന്‍ ഭീകരന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു ഡല്‍ഹിക്കടുത്ത് പിടിയിലായി. ഇയാള്‍ക്കൊപ്പം ജയില്‍ ചാടിയ അഞ്ചു പേരെ പിടികൂടാനായിട്ടില്ല. പത്തിലധികം ഭീകരതാ കേസുകളില്‍ പ്രതിയാണ് 49-കാരനായ ഹര്‍മിന്ദര്‍ സിങ്.

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനു നേരെയുള്ള വധശ്രമം അടക്കം നിരവധി കേസുകൡ പ്രതിയായ ഹര്‍മിന്ദറും കൂട്ടാളികളും ഞായറാഴ്ചയാണ് ജയില്‍ ചാടിയത്. ആയുധധാരികളായ ഒരുപറ്റം ആളുകള്‍ നബ്ഹയിലെ ജയില്‍ ആക്രമിക്കുകയും ഹര്‍മിന്ദറിനെ മോചിപ്പിക്കുകയുമായിരുന്നു. പഞ്ചാബിലെ പ്രകാശ് സിങ് ബാദല്‍ സര്‍ക്കാറിന്റെ കഴിവുകേടാണ് ജയില്‍ചാട്ടമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുവന്നു.