ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നതിനോ കശാപ്പിനോ രാജ്യത്ത് നിരോധനമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. തെറ്റിദ്ധാരണകളും ആശങ്കകളും പരിഹരിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

കശാപ്പ് നിരോധനം സംബന്ധിച്ച് ഇപ്പോള്‍ കിട്ടിയ പരാതികള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തും. എന്നാല്‍ ഇക്കാര്യത്തില്‍ ആസൂത്രിതമായി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞമാസം അവസാനത്തിലാണ് രാജ്യത്ത് കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇറങ്ങുന്നത്. ഇത് കേരളത്തിലുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. കൂടാതെ ബി.ജെ.പി നേതാക്കള്‍തന്നെ കന്നുകാലി കശാപ്പിനെതിരെ രംഗത്തെത്തിയിരുന്നു.