india

കന്നുകാലി കശാപ്പിന്റെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് കർണാടകയിൽ വിദ്വേഷ പ്രചാരണം

By webdesk14

September 13, 2025

മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഭട്കൽ മഗ്ദൂം കോളനിയിൽ കന്നുകാലി കശാപ്പ് നടന്നു​​വെന്ന എന്ന അവകാശവാദത്തോടെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം . വീഡിയോയും ഫോട്ടോകളും വൈറലായതോടെ ഇത് പഴയ ദൃശ്യങ്ങളാണെന്ന വിശദീകരണവുമായി അധികൃതർ രംഗത്ത് വന്നു.

കന്നുകാലികളുടെ അസ്ഥികൂടങ്ങൾ, രക്തക്കറ എന്നിവ ദൃശ്യങ്ങളിൽ കാണിച്ചിരുന്നു. ഇത് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ പൊലീസും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് സ്ഥിരീകരിച്ചു.

“പ്രചരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പുതിയതല്ല. പരിശോധനയിൽ കന്നുകാലികളുടെ അസ്ഥികളോ മാംസ അവശിഷ്ടങ്ങളോ കണ്ടെത്തിയില്ല. മഗ്ദൂം കോളനിയിൽ വൈറൽ ചിത്രങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാണാം. പക്ഷേ ഭട്കലിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി മഴ ലഭിച്ചിട്ടില്ല. ഇത് ചിത്രങ്ങൾ പഴയതാണെന്ന് വ്യക്തമാക്കുന്നു.”-നഗരസഭ ചീഫ് ഓഫീസർ വെങ്കിടേഷ് നവുദ വിശദീകരിച്ചു,

വീഡിയോകൾ വൈറലായതിന് തൊട്ടുപിന്നാലെ, പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. വൻതോതിലുള്ള കന്നുകാലി കശാപ്പ് നടന്നതായും ഭരണകൂടം നിഷ്‌ക്രിയത്വം കാണിച്ചതായും അവർ ആരോപിച്ചു. വൈറലായ വീഡിയോകളുടെയും ഫോട്ടോകളുടെയും ഉത്ഭവം പരിശോധിച്ചുവരികയാണെന്ന് പൊലീസും വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം പരിശോധിച്ചുറപ്പിക്കാതെ പൗരന്മാർ വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.