kerala

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശം; വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍

By nazmiya nazreen

April 08, 2025

മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ മറ്റൊരു രീതിയില്‍ കാണേണ്ട, അദ്ദേഹത്തെ ജനങ്ങള്‍ക്കറിയാം, പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണയോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴക്കാരനായ വെള്ളാപ്പള്ളി മറ്റൊരു ജില്ലക്കെതിരായി നടത്തിയ വിദ്വേഷ പരാമര്‍ശം ആലപ്പുഴക്കാരന്‍ കൂടിയായ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യത്തിന്, അതിനൊക്കെ പാര്‍ട്ടി സെക്രട്ടറി മറുപടി പറയും എന്നും ാന്‍ ഇനി സൂക്ഷിച്ചേ സംസാരിക്കൂ എന്നുമായിരുന്നു സജി ചെറിയാന്റെ മറുപടി.

വിദ്വേഷപരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ ഇനി വെള്ളാപ്പള്ളിക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, വെള്ളാപ്പള്ളിയെ പുകഴ്ത്തിയായിരുന്നു മന്ത്രിയുടെ മറുപടി. ‘വെള്ളാപ്പള്ളി ആരാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് പോവുന്നതുകൊണ്ട് എന്തെങ്കിലും രാഷ്ട്രവിരുദ്ധത ഉണ്ടെന്ന ധാരണയും തനിക്കില്ല. ഈ പരിപാടി മാറ്റേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്കുവഴിയേ പോകട്ടെ. പരാമര്‍ശത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറി പറയും. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും’- സജി ചെറിയാന്‍ വിശദമാക്കി.

പ്രാദേശിക എസ്എന്‍ഡിപി യോഗം നടത്തുന്ന സ്വീകരണ പരിപാടിയിലാണ് മന്ത്രി പങ്കെടുക്കുന്നത്. ഇതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂര്‍ത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. സജി ചെറിയാന് പുറമേ മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, വി.എന്‍ വാസവന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സജി ചെറിയാന്‍ ഒഴികെ ആരും ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും ആണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം. ഇതിനെതിരെ വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. കേസെടുക്കേണ്ടതായിട്ടൊന്നും പരാമര്‍ശത്തില്‍ ഇല്ലെന്നാണ് പൊലീസ് വാദം.