ലഖ്‌നൗ: ഹാത്രസ് ബലാത്സംഗക്കൊലയില്‍ കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് സ്‌കൂള്‍ റെക്കോഡുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യാ ടുഡെയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ റെക്കോഡുകള്‍ ചോദിച്ചു വാങ്ങിയിരുന്നു. ഇന്ത്യാടുഡെക്ക് ലഭിച്ചിരിക്കുന്ന മാര്‍ക്ക്‌ലിസ്റ്റിന്റെ ചിത്രം അനുസരിച്ച് ഉത്തര്‍പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്‌കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എജുക്കേഷന്‍ നടത്തിയ 2018ലെ ഹൈസ്‌കൂള്‍ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റാണ് സിബിഐയുടെ കൈവശമുളളത്. ഇതില്‍ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/ 12/ 2002 എന്നാണ്.

മകന് പതിനെട്ട് തികയുന്നതേയുളളൂവെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്. ഹാത്രസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്. തിങ്കളാഴ്ച എട്ടു മണിക്കൂറോളം സിബിഐ ഇവരെ ചോദ്യം ചെയ്തിരുന്നു. സെപ്റ്റംബര്‍ 14നാണ് പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.