വിറ്റാമിൻ D നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷക ഘടകമാണ്. എല്ലുകളുടെ ശക്തിക്കും ശരീരത്തിലെ പ്രതിരോധ ശേഷിക്കും പേശികളുടെ പ്രവർത്തനത്തിനും ഇത് നിർണായകമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ D ലഭിക്കാതെ വരുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും പതുക്കെ തുടങ്ങാം. ഇന്നത്തെ ജീവിതശൈലി മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും ഈ കുറവ് കൂടുതലായി കാണപ്പെടുന്നു.
വിറ്റാമിൻ Dയുടെ കുറവ് ഒരുപാട് സമയങ്ങളിൽ ചെറിയ ലക്ഷണങ്ങളായി തുടങ്ങും. പലരും ഇത് സാധാരണ ക്ഷീണമെന്നു കരുതി അവഗണിക്കാറുണ്ട്. എന്നാൽ ശരീരം ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എപ്പോഴും ക്ഷീണം തോന്നുക ,ശരീരവേദനയും പേശിവേദനയും,എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക,മുട്ട്, കൈകാലുകൾ എന്നിവിടങ്ങളിൽ വേദന,കൂടുതൽ സമയം നടക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ബുദ്ധിമുട്ട്,മുടികൊഴിച്ചിൽ വർധിക്കുക മാനസിക വിഷാദം അല്ലെങ്കിൽ ഉത്സാഹക്കുറവ് ,കുട്ടികളിൽ വളർച്ചാ പ്രശ്നങ്ങൾ,ചെറിയ പരിക്കുകൾക്കുപോലും എല്ല് പൊട്ടാൻ സാധ്യത കൂടുക എന്നിവർ ശരീരം നൽകുന്ന മുന്നറിയിപ്പുകളാണ്.വിറ്റാമിൻ Dയുടെ അളവ് ശരീരത്തിൽ എത്രയെന്ന് ഉറപ്പിക്കാൻ സാധാരണ രക്തപരിശോധനയാണ് ചെയ്യുന്നത്. ഡോക്ടർ നിർദേശിക്കുന്ന പരിശോധനയിലൂടെ മാത്രമേ കൃത്യമായ നില മനസിലാക്കാൻ കഴിയൂ.
വിറ്റാമിൻ ഡി യുടെ കുറവിന് കാരണം ഇന്നത്തെ ജീവിതരീതിയാണ് . പലരും സൂര്യപ്രകാശം കിട്ടാതെ വീടുകളിലും ഓഫീസുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ D സ്വാഭാവികമായി ഉണ്ടാകാൻ രാവിലെ സൂര്യപ്രകാശം വളരെ പ്രധാനമാണ്. കൂടാതെ,പോഷകാഹാരക്കുറവ് ,എല്ലായ്പ്പോഴും സൺസ്ക്രീൻഉപയോഗിക്കൽ ,വ്യായാമക്കുറവ് ,അമിതവണ്ണം, വയസ്സുകൂടുന്നത്,ചില ആരോഗ്യപ്രശ്നങ്ങൾ, പ്രത്യേകിച്ച് വൃക്കയും കരളും ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയും വിറ്റാമിൻ ഡി യുടെ കുറവിന് കാരണമാണ്.
വിറ്റാമിൻ D കുറവ് നിയന്ത്രിക്കാൻ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് സഹായിക്കും. രാവിലെ 7 മുതൽ 9 മണിവരെ ഉള്ള മിതമായ സൂര്യപ്രകാശം ശരീരത്തിന് നല്ലതാണ്. ദിവസവും 15–30 മിനിറ്റ് വരെ സൂര്യപ്രകാശത്തിൽ ചിലവഴിക്കുന്നത് ഗുണകരമാണ്.വിറ്റാമിൻ D അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം. മുട്ടയുടെ മഞ്ഞ,മീൻ, പ്രത്യേകിച്ച് സാൽമൺ, സാർഡിൻ തുടങ്ങിയവ,പാൽ, തൈര്,കൂൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ.നടത്തം, ലഘു വ്യായാമങ്ങൾ, യോഗ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.