kerala

‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’

By Lubna Sherin K P

January 30, 2026

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരെ കടുത്ത ആരോപണങ്ങളുമായി വി. കുഞ്ഞികൃഷ്ണന്‍. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം എം.എല്‍.എയുടെ പ്രവര്‍ത്തനശൈലിയെയും പാര്‍ട്ടിയിലെ അഴിമതികളെയും കുറിച്ച് തുറന്നെഴുതുന്നത്. പയ്യന്നൂര്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത് 2007-ല്‍ ടി.ഐ. മധുസൂദനന്‍ ഏരിയ സെക്രട്ടറി ആയതുമുതലാണെന്ന് കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. ആദ്യകാല നേതാക്കളായ ടി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ കാലത്ത് നിലനിന്നിരുന്ന ഐക്യം ഇല്ലാതാക്കിയത് മധുസൂദനന്റെ ശൈലിയാണെന്നാണ് പുസ്തകത്തിലെ പരാമര്‍ശം.

മധുസൂദനന്റേത് ഒരു ‘ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ’ രീതിയാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. തനിക്ക് മുകളില്‍ ആരും വളരരുത് എന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്. പാര്‍ട്ടിയില്‍ സ്വന്തമായി ചെറുഗ്രൂപ്പുകള്‍ ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ല, മറിച്ച് തന്റെ വ്യക്തിപരമായ ഔദാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മധുസൂദനന്‍ ശ്രമിച്ചെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട്, ഇലക്ഷന്‍ ഫണ്ട് എന്നിവയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ സി. കൃഷ്ണന്‍, വി. നാരായണന്‍ എന്നിവരെ അംഗീകരിക്കാന്‍ മധുസൂദനന്‍ തയ്യാറായില്ലെന്നും പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചതിന് പിന്നാലെ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെബ്രുവരി 4-ന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ വെച്ചാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.