News

‘സ്വഭാവം ശരിയല്ലെന്ന് തോന്നി പറഞ്ഞു വിട്ടു’; പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആന്‍മരിയ

By webdesk17

December 26, 2025

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടി ആന്‍മരിയ വെളിപ്പെടുത്തി. പള്‍സര്‍ സുനി ദിവസങ്ങള്‍ മാത്രം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് പറഞ്ഞ് വിട്ടതെന്നും ആന്‍മരിയ പറഞ്ഞു.

ഏജന്‍സിയിലൂടെ വന്നതിനാല്‍ സുനി എന്ന പേര് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നും താരം വ്യക്തമാക്കി. ‘അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. പറഞ്ഞ് വിടുന്നതും ദേഷ്യത്തോടെയായിരുന്നു,’ ആന്‍മരിയ പറഞ്ഞു.

അതിജീവിതയുടെ സംഭവം വാര്‍ത്തയായപ്പോള്‍ ടിവിയില്‍ സുനിയെ കണ്ടപ്പോഴാണ് ഇയാള്‍ തന്റെ വീട്ടിലും ഡ്രൈവറായി ജോലി ചെയ്തിരുന്നില്ലേ എന്ന സംശയം തോന്നിയതെന്നും താരം പറഞ്ഞു. ‘ന്യൂസിലൊക്കെ കണ്ടപ്പോള്‍ ഇതാണോ പള്‍സര്‍ സുനിയെന്ന് തോന്നി. കാര്യങ്ങള്‍ വിശദമായി അറിഞ്ഞപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു,’ എന്നും ആന്‍മരിയ വ്യക്തമാക്കി.

ഇതിനിടെ, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയതായാണ് ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും അഭിപ്രായപ്പെട്ടത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.